ഒത്തുകളി ആരോപണം: ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ ക്രിക്കറ്റ് താരത്തിന് 8 വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി ഐസിസി

ദുബായ്: ഒത്തുകളി വിവാദത്തില്‍ ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ ക്രിക്കറ്റര്‍ ബോഡുഗും അഖിലേഷ് റെഡ്ഡിക്ക് കനത്ത തിരിച്ചടി. ഒത്തുകളി ശ്രമങ്ങളും അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചതും അടക്കമുള്ള കുറ്റങ്ങള്‍ തെളിഞ്ഞതിനെത്തുടര്‍ന്ന് താരത്തിന് എട്ട് വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) അഴിമതി വിരുദ്ധ ട്രിബ്യൂണല്‍. ഇതോടെ എല്ലാത്തരം ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്നും താരം പൂര്‍ണ്ണമായി വിട്ടുനില്‍ക്കേണ്ടി വരും. ഐസിസി ആന്റി കറപ്ഷന്‍ കോഡിന്റെ ഗുരുതരമായ മൂന്ന് ലംഘനങ്ങളാണ് ഇരുപത്താറുകുകാരനായ അഖിലേഷിനെതിരെ കണ്ടെത്തിയത്.
കഴിഞ്ഞ വര്‍ഷം (2025) നടന്ന അബുദാബി ടി10 ടൂര്‍ണമെന്റുമായി ബന്ധപ്പെട്ടാണ് അഖിലേഷ് റെഡ്ഡിക്കെതിരെ അഴിമതി വിരുദ്ധ ചട്ടപ്രകാരം നടപടിയുണ്ടായിരിക്കുന്നത്. ടൂര്‍ണമെന്റിലെ മത്സരങ്ങളുടെ ഫലത്തെയോ ഗതിയെയോ സ്വാധീനിക്കാന്‍ താരം ശ്രമിച്ചെന്നും, ഇതിനായി മറ്റ് പങ്കാളികളെ പ്രേരിപ്പിക്കുകയോ സഹായിക്കുകയോ ചെയ്തെന്നും ഐസിസി അന്വേഷണത്തില്‍ വ്യക്തമായി. കൂടാതെ, കേസ് അന്വേഷണവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങളും സന്ദേശങ്ങളും മൊബൈല്‍ ഫോണില്‍ നിന്ന് ഡിലീറ്റ് ചെയ്ത് ഐസിസി അന്വേഷണം വഴിതെറ്റിക്കാനും തടസ്സപ്പെടുത്താനും താരം ശ്രമിച്ചതായും ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡിന് വേണ്ടി ഐസിസി ആയിരുന്നു ഈ ടൂര്‍ണമെന്റിന്റെ ആന്റി കറപ്ഷന്‍ ഒഫീഷ്യല്‍ ചുമതല വഹിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 21 മുതല്‍ താരം താല്‍ക്കാലിക സസ്പെന്‍ഷനിലായിരുന്നു.
ഹൈദരാബാദ് സ്വദേശിയായ അഖിലേഷ് റെഡ്ഡി, മികച്ച അന്താരാഷ്ട്ര അവസരങ്ങള്‍ തേടിയാണ് അമേരിക്കന്‍ ക്രിക്കറ്റിലേക്ക് ചേക്കേറിയത്. വലംകൈയ്യന്‍ ബാറ്ററും ഓഫ് സ്പിന്നറുമായ താരം അമേരിക്കയ്ക്കുവേണ്ടി നാല് ടി20 അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിക്കുകയും ഒരു വിക്കറ്റ് വീഴ്ത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ആഭ്യന്തര ക്രിക്കറ്റില്‍ വിജയ് ഹസാരെ ട്രോഫി സ്ക്വാഡിന്റെ ഭാഗമായിരുന്ന അദ്ദേഹം, ഐപിഎല്‍ ഫ്രാഞ്ചൈസിയായ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി നെറ്റ് ബൗളറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
