ഇന്ത്യൻ സിനിമയുടെ വിസ്മയമാകാൻ ‘രാമായണ’; ഇംഗ്ലീഷ് ട്രെയ്ലറിന് മികച്ച പ്രതികരണം

ഇന്ത്യൻ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിതേഷ് തിവാരിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’യുടെ ഇംഗ്ലീഷ് ഡബ്ബഡ് ട്രെയ്ലർ പുറത്തിറങ്ങി. നമിത മൽഹോത്ര നിർമ്മിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലറിന് സോഷ്യൽ മീഡിയയിൽ വൻ വരവേൽപ്പാണ് ലഭിക്കുന്നത്. എല്ലാവർക്കും അറിയാവുന്ന കഥയാണെങ്കിലും, മേക്കിങ്ങിലും ദൃശ്യമികവിലും ഇതുവരെ കാണാത്ത വിസ്മയം ചിത്രം സമ്മാനിക്കുമെന്ന് ട്രെയ്ലർ വ്യക്തമാക്കുന്നു. രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും എത്തുമ്പോൾ, രാവണനായി വേഷമിടുന്ന കന്നഡ സൂപ്പർതാരം യഷിന്റെ പ്രകടനമാണ് ട്രെയ്ലറിലെ പ്രധാന ആകർഷണം. ഹനുമാന്റെ ദൃശ്യങ്ങൾ ഒഴിവാക്കിയത് ദുരൂഹതയും കൗതുകവും വർദ്ധിപ്പിക്കുന്നു. സണ്ണി ഡിയോൾ (ഹനുമാൻ), ശോഭന (കൈകേയി), അരുൺ ഗോവിൽ (ദശരഥൻ), രവി ദുബെ (ലക്ഷ്മണൻ), രാകുൽ പ്രീത് സിംഗ് (ശൂർപ്പണഖ) തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഓസ്കാർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്നാണ്. ടി-സീരീസ് 75 കോടി രൂപയുടെ അഡ്വാൻസ് കരാറിലൂടെ സ്വന്തമാക്കിയ ചിത്രത്തിന്റെ സംഗീത അവകാശം, ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകകളിലൊന്നാണ്. ചിത്രം ദീപാവലി റിലീസായി തിയറ്ററുകളിലെത്തും.
