ഇതാണ് നമ്മുടെ ആദിവാസി സ്നേഹം ,സോണി നെല്ലിയാനി കുട്ടമ്പുഴയില്‍ നരകിച്ച് 67 കുടുംബങ്ങള്‍

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്രയിൽ പ്ലാസ്റ്റിക് പടുത മേഞ്ഞ താത്കാലിക ഷെഡുകളിൽ ദുരിതം പേറി കഴിയുന്നത് 67 ആദിവാസി കുടുംബങ്ങൾ. വാരിയം, ഉറിയംപെട്ടി ഉന്നതികളിൽ നിന്ന് 2023 ഏപ്രിലിൽ ഇവിടെയെത്തിയ ഇവർ വന്യമൃഗശല്യവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും കാരണം പൊറുതിമുട്ടിയിരിക്കുകയാണ്. കുട്ടമ്പുഴയിൽ നിന്ന് 30 കിലോമീറ്റർ ഉൾക്കാട്ടിലൂടെ സഞ്ചരിക്കേണ്ട ഉന്നതികളിൽ ആനശല്യം രൂക്ഷമായതോടെയാണ് മന്നാൻ, മുതുവാൻ വിഭാഗങ്ങളിൽ പെട്ട ഇവർ നാടിനോട് ചേർന്ന പന്തപ്രയിലേക്ക് പലായനം ചെയ്തത്. 2014-ൽ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഭൂമി നൽകാൻ തീരുമാനിച്ചെങ്കിലും വനം വകുപ്പിന്റെ തടസ്സത്തെ തുടർന്ന് 2018-ലാണ് പന്തപ്രയിലെ തേക്ക് പ്ലാന്റേഷനിൽ പകരം സ്ഥലമെന്ന വ്യവസ്ഥയൊരുങ്ങിയത്. നിരന്തര പ്രക്ഷോഭങ്ങൾക്കൊടുവിൽ ആദ്യമെത്തിയവർക്ക് വീടും കൃഷിഭൂമിയും ലഭിച്ചെങ്കിലും, 2023-ൽ എത്തിയ 67 കുടുംബങ്ങൾക്ക് ഇതുവരെ ഭൂമി ലഭിച്ചിട്ടില്ല. സ്വന്തം ഭൂമി വനം വകുപ്പിന് വിട്ടുനൽകിയിട്ടും പകരം ഭൂമി അനുവദിക്കാത്തതിൽ അസ്വസ്ഥരായ ഇവർ, വനവിഭവങ്ങൾ ശേഖരിച്ചും തൊഴിലുറപ്പ് ജോലികൾ ചെയ്തുമാണ് ജീവിക്കുന്നത്. വന്യമൃഗങ്ങളുടെ നിരന്തര ശല്യവും യാത്രാസൗകര്യമില്ലായ്മയും നേരിടുന്ന ഈ ജനവിഭാഗം സർക്കാരിന്റെ കാരുണ്യത്തിനായി കാത്തിരിക്കുകയാണ്.
