സിജെപി പ്രതിഷേധത്തിനിടെ വിജയ് സിനിമാ ഡയലോഗ്, സനം ഷെട്ടിയുടെ പ്രസംഗം തടഞ്ഞ് പ്രതിഷേധക്കാർ

ചെന്നൈയിൽ സിജെപിയെ (CJP) പിന്തുണച്ചുള്ള പ്രതിഷേധ സംഗമത്തിനിടെ നാടകീയ രംഗങ്ങൾ. പ്രസംഗത്തിനിടെ വിജയ് ചിത്രത്തെക്കുറിച്ച് പരാമർശിച്ച നടിയും ബിഗ് ബോസ് താരവുമായ സനം ഷെട്ടിയെ പ്രതിഷേധക്കാർ വേദിയിൽ നിന്ന് ഇറക്കിവിട്ടു. പ്രസംഗം തടസ്സപ്പെടുത്തി മൈക്ക് പിടിച്ചെടുത്ത സംഘാടകർ നടിയെ അപമാനിക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്.
നീറ്റ് (NEET) വിഷയത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നവർ കോമാളികളാണെന്ന് വിമർശിച്ച സനം, വിജയ്യുടെ തീവ്ര ആരാധികയായ താൻ ‘ജനനായകൻ’ എന്ന ചിത്രം കണ്ടശേഷമാണ് പ്രതിഷേധ വേദിയിലെത്തിയതെന്നും വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് പ്രസംഗം തടസ്സപ്പെടുത്തി ഒരു വിഭാഗം ആളുകൾ രംഗത്തെത്തിയത്.
വിദ്യാർത്ഥി പ്രതിഷേധങ്ങൾ കത്തിനിൽക്കെ സിനിമ റിലീസ് ചെയ്തതിനെതിരെ ഉയർന്ന വിമർശനങ്ങൾക്കുള്ള മറുപടിയായാണ് നടി ഇക്കാര്യം സംസാരിച്ചത്. എന്നാൽ, വേദിയിൽ നിന്ന് അപമാനിച്ച് ഇറക്കിവിട്ടവർ ‘ഡിഎംകെ അടിമകളാണെന്ന്’ സനം ഷെട്ടി പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു.
“സംസാരിച്ചു തുടങ്ങുന്നതിന് മുൻപ് തന്നെ തടസ്സപ്പെടുത്തുന്നതാണോ ജനാധിപത്യം? വേദിയിലേക്ക് ക്ഷണിച്ചു വരുത്തിയ ശേഷം പരസ്യമായി അപമാനിക്കുകയാണ് ചെയ്തത്,” സനം ഷെട്ടി രോഷത്തോടെ പറഞ്ഞു.
