വൺപ്ലസ് ഫോണിൽ പുതിയ യുഗം; അപ്ഡേറ്റ് നഷ്ടമാകുന്ന മോഡലുകൾ

കൊച്ചി: സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ മാറ്റങ്ങളുമായി വൺപ്ലസ്. ചില അന്താരാഷ്ട്ര വിപണികളിൽ കമ്പനി പ്രവർത്തനം അവസാനിപ്പിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, നിലവിലുള്ള ഡിവൈസുകൾക്ക് സുരക്ഷാ അപ്ഡേറ്റുകൾ തുടർന്നും ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടയിലാണ് വൺപ്ലസ് ഫോണുകളിലെ ഓക്സിജൻഒഎസിന് പകരം ഒപ്പോയുടെ കളർ ഒഎസ് അവതരിപ്പിക്കുമെന്ന വാർത്തകൾ പുറത്തുവരുന്നത്. ആൻഡ്രോയിഡ് 17 മുതൽ ഈ പുതിയ മാറ്റം നിലവിൽ വരുമെന്നാണ് സൂചന. എന്നാൽ കമ്പനിയുടെ നിലവിലുള്ള സോഫ്റ്റ്വെയർ അപ്ഡേറ്റ് നയപ്രകാരം പല പഴയ മോഡലുകൾക്കും പുതിയ പതിപ്പുകൾ ലഭ്യമാകില്ല.
വൺപ്ലസ് 10 സീരീസിന് ആൻഡ്രോയിഡ് 17 ഇല്ല
കമ്പനിയുടെ സോഫ്റ്റ്വെയർ നയപ്രകാരം ആൻഡ്രോയിഡ് 17 അധിഷ്ഠിത കളർ ഒഎസ് 17, വൺപ്ലസ് 10 സീരീസിലേക്ക് ലഭ്യമാകില്ല. ആൻഡ്രോയിഡ് 12-നൊപ്പം വിപണിയിലെത്തിയ വൺപ്ലസ് 10 പ്രോ, വൺപ്ലസ് 10ടി, വൺപ്ലസ് 10ആർ എന്നീ മോഡലുകൾക്കാണ് ഈ അപ്ഡേറ്റ് നഷ്ടമാകുന്നത്. കളർ ഒഎസിലേക്കുള്ള മാറ്റത്തിന്റെ ഭാഗമാകാനും ഈ ഫോണുകൾക്ക് സാധിക്കില്ല.
11ആറിനും നോർഡ് മോഡലുകൾക്കും അവസാന അപ്ഡേറ്റ്
- ആൻഡ്രോയിഡ് 13-നൊപ്പം പുറത്തിറങ്ങിയ വൺപ്ലസ് 11ആറിന് ആൻഡ്രോയിഡ് 16 അധിഷ്ഠിത ഓക്സിജൻഒഎസ് 16 ആയിരിക്കും അവസാനത്തെ പ്രധാന ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റ്.
- ആൻഡ്രോയിഡ് 13-ൽ എത്തിയ വൺപ്ലസ് നോർഡ് 3-ന്റെയും സോഫ്റ്റ്വെയർ പിന്തുണ ഈ വർഷത്തോടെ അവസാനിക്കും.
- 2024-ൽ പുറത്തിറങ്ങിയ വൺപ്ലസ് നോർഡ് സിഇ 4, നോർഡ് സിഇ 4 ലൈറ്റ് എന്നീ മോഡലുകൾക്കും ആൻഡ്രോയിഡ് 16 അധിഷ്ഠിത ഓക്സിജൻഒഎസ് 16 അവസാനത്തെ പ്രധാന അപ്ഡേറ്റായിരിക്കും.
- ടാബ്ലറ്റ് വിഭാഗത്തിൽ വൺപ്ലസ് പാഡ്, വൺപ്ലസ് പാഡ് ഗോ എന്നീ മോഡലുകൾക്കും ആൻഡ്രോയിഡ് 17 അപ്ഡേറ്റ് ലഭിക്കില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
പുതിയ മോഡലുകൾക്ക് മാത്രം ആൻഡ്രോയിഡ് 17
ആൻഡ്രോയിഡ് 17 അധിഷ്ഠിത പുതിയ സോഫ്റ്റ്വെയർ വൺപ്ലസ് 11 സീരീസ് മുതൽ പുറത്തിറങ്ങിയ മുൻനിര മോഡലുകൾക്ക് മാത്രമായിരിക്കും ലഭ്യമാകുക. കൂടാതെ വൺപ്ലസ് നോർഡ് 4, വൺപ്ലസ് നോർഡ് 5 തുടങ്ങിയ പുതിയ സ്മാർട്ട്ഫോണുകളും ഈ അപ്ഡേറ്റിന് അർഹത നേടുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
