വൈറ്റമിൻ ബി 12 ന്റെ അഭാവം: മുഖത്ത് പ്രകടമാകുന്ന ലക്ഷണങ്ങളെ അറിയാം

നമ്മുടെ ശരീരത്തിൽ ചുവന്ന രക്താണുക്കളുടെ ഉൽപാദനം, നാഡികളുടെ പ്രവർത്തനം, ഡിഎൻഎ സിന്തസിസ് എന്നിവയ്ക്ക് അത്യന്താപേക്ഷിതമായ ഒരു പോഷകമാണ് വൈറ്റമിൻ ബി 12. ശരീരത്തിൽ ഇതിന്റെ അളവ് കുറയുമ്പോൾ ചർമം, വായ, കണ്ണുകൾ എന്നിവയുൾപ്പെടെ പല അവയവങ്ങളും അപകടസൂചനകൾ പ്രകടിപ്പിക്കാൻ തുടങ്ങും. നാഡികൾക്ക് ക്ഷതം ഉണ്ടാകുന്നതുപോലുള്ള ഗുരുതരമായ സങ്കീർണതകളിലേക്ക് പോകുന്നതിന് മുൻപ് തന്നെ മുഖത്ത് പ്രകടമാകുന്ന ഈ പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് വൈദ്യസഹായം തേടേണ്ടതുണ്ട്.
1. വിളറിയ ചർമവും കൺപോളകളിലെ വിളർച്ചയും
വൈറ്റമിൻ ബി 12-ന്റെ കുറവ് ‘മെഗാലോബ്ലാസ്റ്റിക് അനീമിയ’ (Megaloblastic Anemia) എന്ന അവസ്ഥയ്ക്ക് കാരണമാകാം. ഇത് ശരീരത്തിൽ ആരോഗ്യമുള്ള ചുവന്ന രക്തകോശങ്ങളുടെ എണ്ണം കുറയ്ക്കുന്നു. കോശങ്ങളിലേക്ക് ആവശ്യത്തിന് ഓക്സിജൻ എത്താതാകുമ്പോൾ ചർമം വിളറി വെളുത്തതായി കാണപ്പെടും. താഴത്തെ കൺപോളയുടെ ഉൾഭാഗം പരിശോധിക്കുമ്പോൾ ഡോക്ടർമാർ പ്രധാനമായും നോക്കുന്നതും ഈ വിളർച്ചയാണ്.
2. ചുണ്ടുകളുടെ കോണുകളിലെ പൊട്ടൽ
ചുണ്ടുകളുടെ കോണുകളിൽ വിള്ളലുകളും വേദനയേറിയ പൊട്ടലുകളും ഉണ്ടാകുന്നത് വൈറ്റമിൻ ബി 12 ന്റെ അഭാവം മൂലമാകാം. ‘ആംഗുലാർ കൈയലൈറ്റിസ്’ (Angular Cheilitis) എന്നാണ് ഈ അവസ്ഥയുടെ പേര്. ഈ വ്രണങ്ങൾ ചുവന്നു തടിക്കാനും, വരണ്ടു പൊട്ടാനും സാധ്യതയുണ്ട്. സംസാരിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ഇത് കഠിനമായ വേദനയുണ്ടാക്കും. (ശ്രദ്ധിക്കുക: ഇരുമ്പിന്റെ അഭാവം മൂലമോ ഫംഗൽ ഇൻഫെക്ഷൻ മൂലമോ ഇത് വരാം എന്നതിനാൽ കൃത്യമായ പരിശോധന ആവശ്യമാണ്).
3. നാവിന് ചുവപ്പും വീക്കവും (ഗ്ലോസൈറ്റിസ്)
നാവിൽ ഉണ്ടാകുന്ന വീക്കവും വേദനയുമാണ് മറ്റൊരു പ്രധാന ലക്ഷണം. ഈ അവസ്ഥയെ ‘ഗ്ലോസൈറ്റിസ്’ (Glossitis) എന്ന് വിളിക്കുന്നു. നാവിൽ കാണപ്പെടുന്ന ചെറിയ മുഴകൾ (Papillae) നഷ്ടപ്പെടുകയും നാവ് അസാധാരണമാംവിധം കടും ചുവപ്പ് നിറത്തിൽ, തിളങ്ങുന്നതും മൃദുവായതുമായി മാറുകയും ചെയ്യും. ഇത് രുചിവ്യത്യാസത്തിനും എരിവുള്ള ഭക്ഷണം കഴിക്കുമ്പോൾ കടുത്ത പുകച്ചിലിനും കാരണമാകും.
4. ഇടയ്ക്കിടെയുണ്ടാകുന്ന വായ്പുണ്ണ്
നാവ്, മോണ, കവിളിന്റെ ഉൾഭാഗം, ചുണ്ടുകൾ എന്നിവിടങ്ങളിൽ വീണ്ടും വീണ്ടും വായ്പുണ്ണുകൾ (Mouth Ulcers) ഉണ്ടാകുന്നത് വൈറ്റമിൻ ബി 12 ന്റെ കുറവ് കൊണ്ടാകാം. സാധാരണ വായ്പുണ്ണുകളിൽ നിന്ന് വ്യത്യസ്തമായി, ഇവ വളരെ സാവധാനത്തിൽ മാത്രമേ ഉണങ്ങുകയുള്ളൂ.
5. ചർമത്തിനും കണ്ണുകൾക്കും മഞ്ഞനിറം
ചിലരിൽ വൈറ്റമിൻ ബി 12-ന്റെ കുറവ് മഞ്ഞപ്പിത്തത്തിന് (Jaundice) കാരണമാകാറുണ്ട്. ചുവന്ന രക്തകോശങ്ങൾ വേഗത്തിൽ വിഘടിക്കുകയും രക്തത്തിൽ ‘ബിലിറൂബിൻ’ എന്ന പദാർത്ഥത്തിന്റെ അളവ് കൂടുകയും ചെയ്യുമ്പോഴാണ് ചർമത്തിലും കണ്ണിന്റെ വെള്ളയിലും നേരിയ മഞ്ഞനിറം പ്രകടമാകുന്നത്.
6. കാഴ്ചപ്രശ്നങ്ങളും ഡബിൾ വിഷനും
വൈറ്റമിൻ ബി 12 ന്റെ അഭാവം ദീർഘകാലം നീണ്ടുനിന്നാൽ അത് കണ്ണിൽ നിന്നും തലച്ചോറിലേക്ക് വിവരങ്ങൾ എത്തിക്കുന്ന ഒപ്റ്റിക് നെർവിനെ (Optic Nerve) ബാധിക്കാം. കാഴ്ച മങ്ങുക, കൃത്യതക്കുറവ്, നിറങ്ങൾ തിരിച്ചറിയാൻ പ്രയാസം, ഒന്നിനെ രണ്ടായി കാണുന്ന ഡബിൾ വിഷൻ (Double Vision) എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഇത് കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ കാഴ്ചയ്ക്ക് സ്ഥിരമായ തകരാറുണ്ടാക്കാം.
എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്? മുഖത്തുണ്ടാകുന്ന മാറ്റങ്ങൾ കൂടാതെ കടുത്ത ക്ഷീണം, തളർച്ച, കൈകാലുകളിൽ തരിപ്പും മരവിപ്പും, ഓർമക്കുറവ്, നടക്കുമ്പോൾ ബാലൻസ് തെറ്റുക എന്നിവ അനുഭവപ്പെട്ടാൽ ഒട്ടും വൈകരുത്. ലളിതമായ ഒരു രക്തപരിശോധനയിലൂടെ വൈറ്റമിൻ ബി 12 ന്റെ അളവ് കണ്ടെത്താനും കൃത്യമായ ആഹാരരീതിയിലൂടെയോ സപ്ലിമെന്റുകളിലൂടെയോ ഇത് പരിഹരിക്കാനും സാധിക്കും.
