വേതനത്തിലെ വിവേചനം! കണക്കുകൾ പുറത്തു വിട്ട് കേന്ദ്ര സർക്കാർ, ജോലി ഒന്ന് തന്നെ, പക്ഷേ സ്ത്രീകള്‍ക്ക് ശമ്പളം കുറവ്

ന്യൂഡൽഹി: തുല്യ ജോലിക്ക് തുല്യ വേതനമെന്ന തത്ത്വം നിലനിൽക്കെ, രാജ്യത്ത് തൊഴിൽ മേഖലയിൽ പുരുഷന്മാരും സ്ത്രീകളും തമ്മിൽ വലിയ വേതന അന്തരമുണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാറിന്റെ പുതിയ കണക്കുകൾ. 2025-ലെ പീരിയോഡിക് ലേബർ ഫോഴ്സ് സർവേ പ്രകാരം സ്ഥിരവരുമാനമുള്ള ജോലികളിലും ദിവസവേതനക്കാരുടെ ഇടയിലും സ്ത്രീകൾക്ക് ലഭിക്കുന്നത് വലിയ തോതിലുള്ള വേതനക്കുറവാണ്. പാർലമെന്റിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര സർക്കാർ ഈ വിവരങ്ങൾ വ്യക്തമാക്കിയത്.
മാസശമ്പളക്കാരായ പുരുഷന്മാർക്ക് പ്രതിമാസം ശരാശരി 24,217 രൂപ ലഭിക്കുമ്പോൾ സമാന ജോലി ചെയ്യുന്ന സ്ത്രീകൾക്ക് 18,353 രൂപ മാത്രമാണ് ലഭിക്കുന്നത്; അതായത് 5,864 രൂപയുടെ (24.2 ശതമാനം) വ്യത്യാസം. ദിവസക്കൂലിക്കാരുടെ കാര്യത്തിൽ വിവേചനം ഇതിലും രൂക്ഷമാണ്. പുരുഷന്മാർക്ക് പ്രതിദിനം ശരാശരി 489 രൂപ കൂലി ലഭിക്കുമ്പോൾ സ്ത്രീകൾക്ക് ലഭിക്കുന്നത് 324 രൂപ മാത്രമാണ്. 33.7 ശതമാനത്തിന്റെ (165 രൂപ) കൂലിക്കുറവാണ് ഈ വിഭാഗത്തിൽ സ്ത്രീകൾ നേരിടുന്നത്.
വീടുകളിലെ കൃഷിയിലോ മറ്റ് സാമ്പത്തിക പ്രവർത്തനങ്ങളിലോ സഹായിക്കുന്ന സ്ത്രീകളെ ‘പ്രതിഫലം ലഭിക്കാത്ത കുടുംബ സഹായികൾ’ എന്ന വിഭാഗത്തിലാണ് നിലവിൽ ഔദ്യോഗിക കണക്കുകളിൽ ഉൾപ്പെടുത്തുന്നത്. അതേസമയം, പ്രതിഫലം ലഭിക്കുന്നതും ലഭിക്കാത്തതുമായ ജോലികളിൽ പുരുഷന്മാരും സ്ത്രീകളും ചെലവഴിക്കുന്ന സമയം കണ്ടെത്താൻ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം ‘ടൈം യൂസ് സർവേ’ നടത്തിവരുന്നുണ്ട്. 2019, 2024 വർഷങ്ങളിലായി രണ്ട് ഘട്ടങ്ങളായാണ് ഈ സർവേ പൂർത്തിയാക്കിയത്.
