വിമാന യാത്രയിൽ പവർബാങ്ക് വില്ലനാകാം; ശ്രദ്ധിച്ചില്ലെങ്കിൽ പിടിവീഴും, കാത്തിരിക്കുന്നത് ആജീവനാന്ത വിലക്ക്

കോഴിക്കോട്: വിമാന യാത്രകളിൽ സ്ഥിരമായി കൂടെക്കരുതുന്ന പവർബാങ്കുകൾ വലിയ സുരക്ഷാഭീഷണിയാകുന്നു. സാങ്കേതിക തകരാറുകൾ മൂലമുണ്ടാകുന്ന തീപിടിത്തങ്ങൾ വർധിച്ചതോടെ, പവർബാങ്ക് ഉപയോഗത്തിന് കർശന നിയന്ത്രണങ്ങളുമായി ഏവിയേഷൻ മന്ത്രാലയങ്ങളും പ്രമുഖ വിമാനക്കമ്പനികളും രംഗത്തെത്തി. മാനദണ്ഡങ്ങൾ ലംഘിക്കുന്ന യാത്രക്കാർക്ക് പിഴയും ആജീവനാന്ത യാത്രാവിലക്കും വരെ നേരിടേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്.
അടുത്തിടെ ഹോങ്കോങ് എയർലൈൻസ്, വെർജിൻ ഓസ്ട്രേലിയ, ചൈന ഈസ്റ്റേൺ എയർലൈൻസ് തുടങ്ങിയ വിമാനങ്ങളിൽ പവർബാങ്ക് മൂലമുണ്ടായ തീപിടിത്തങ്ങൾ അടിയന്തര ലാൻഡിങ്ങിനും യാത്ര തടസ്സപ്പെടുന്നതിനും ഇടയാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷാ പരിശോധനകൾ കടുപ്പിച്ചത്.
യാത്രക്കാർ അറിയേണ്ട പ്രധാന നിയമങ്ങൾ
- ഹാൻഡ് ബാഗേജിൽ മാത്രം: പവർബാങ്കുകൾ ഒരിക്കലും ചെക്ക്-ഇൻ ബാഗേജിൽ വെക്കാൻ പാടില്ല. ക്യാബിൻ ബാഗേജിലോ മുന്നിലെ സീറ്റിനടിയിലെ വ്യക്തിഗത ബാഗുകളിലോ കരുതാം. പെട്ടെന്ന് തീപിടിത്തമുണ്ടായാൽ കാബിൻ ക്രൂവിന് തീയണക്കാൻ വേണ്ടിയാണിത്. ഓവർഹെഡ് ലഗേജ് ബിന്നുകളിൽ വെക്കുന്നതും ഒഴിവാക്കണം.
- ഉപയോഗത്തിനും ചാർജിങ്ങിനും വിലക്ക്: വിമാനത്തിനുള്ളിൽ വെച്ച് പവർബാങ്ക് ഉപയോഗിച്ച് ഫോണോ മറ്റ് ഉപകരണങ്ങളോ ചാർജ് ചെയ്യാൻ പാടില്ല. വിമാനത്തിലെ സോക്കറ്റിൽ കുത്തി പവർബാങ്ക് ചാർജ് ചെയ്യുന്നതും നിരോധിച്ചിട്ടുണ്ട്.
- ശേഷിയുടെ പരിധി (Capacity Limit): 100W (27,000 mAh) വരെയുള്ള പവർബാങ്കുകൾ മുൻകൂർ അനുമതിയില്ലാതെ കൊണ്ടുപോകാം. 100W മുതൽ 160W വരെയുള്ളവയ്ക്ക് എയർലൈൻസിന്റെ മുൻകൂർ അനുമതി വേണം. 160W-ന് മുകളിലുള്ളവ പൂർണമായും നിരോധിച്ചിട്ടുണ്ട്.
- എണ്ണം: ഒരാൾക്ക് പരമാവധി രണ്ട് പവർബാങ്കുകൾ മാത്രമേ അനുവദിക്കൂ. ശേഷി കൃത്യമായി രേഖപ്പെടുത്താത്തതും വീർത്തതോ കേടുപാടുള്ളതോ ആയ പവർബാങ്കുകൾ പിടിച്ചെടുക്കും.
- സുരക്ഷിതമായി സൂക്ഷിക്കുക: നാണയം, താക്കോൽ തുടങ്ങിയ ലോഹവസ്തുക്കളുമായി പവർബാങ്കിന്റെ ടെർമിനലുകൾ സമ്പർക്കത്തിൽ വന്ന് ഷോർട്ട് സർക്യൂട്ട് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.
അടിയന്തര സാഹചര്യങ്ങളിൽ ചെയ്യേണ്ടത്
യാത്രയ്ക്കിടെ പവർബാങ്കിന് അമിത ചൂടോ പുകയോ അസാധാരണ ശബ്ദമോ അസ്വസ്ഥജനകമായ മണമോ അനുഭവപ്പെട്ടാൽ ഉടൻ കാബിൻ ക്രൂവിനെ വിവരമറിയിക്കുക. ഫോണോ പവർബാങ്കോ സീറ്റുകൾക്കിടയിലെ വിടവിലേക്ക് വീണാൽ സ്വയം എടുക്കാൻ ശ്രമിക്കരുത്. സീറ്റ് ചലിപ്പിക്കുമ്പോൾ ബാറ്ററി അമർന്ന് തീപിടിക്കാൻ സാധ്യതയുള്ളതിനാൽ ഫ്ലൈറ്റ് അറ്റൻഡന്റിന്റെ സഹായം തേടണം.
എന്താണ് ‘തെർമൽ റൺവേ’?
പവർബാങ്കുകളിലെ ലിഥിയം അയൺ ബാറ്ററികൾ അമിതമായി ചൂടായി അനിയന്ത്രിതമായ രാസപ്രവർത്തനം നടന്ന് തീപിടിക്കുന്ന അവസ്ഥയാണ് ‘തെർമൽ റൺവേ’. നിലത്തു വീഴുക, ബാഗിനുള്ളിൽ അമരുക, അമിതമായ വെയിലോ ചൂടോ ഏൽക്കുക, ഈർപ്പം തട്ടുക, ദീർഘനേരം ചാർജ് ചെയ്യുക എന്നിവയാണ് പ്രധാനമായും ഇതിന് കാരണമാകുന്നത്.
നിയമലംഘനം നടത്തിയാൽ വൻ പണി
പവർബാങ്ക് നിബന്ധനകൾ ലംഘിക്കുന്ന യാത്രക്കാരെ സിവില് ഏവിയേഷന് ഡയറക്ടറേറ്റ് ജനറലിന്റെ (ഡിജിസിഎ) നയപ്രകാരം അച്ചടക്കമില്ലാത്ത യാത്രക്കാരുടെ (Unruly Passengers) വിഭാഗത്തിൽപ്പെടുത്തി നടപടിയെടുക്കും. കുറ്റകൃത്യത്തിന്റെ തീവ്രതയനുസരിച്ച് 30 ദിവസം മുതൽ അനിശ്ചിതകാലം വരെ യാത്രാവിലക്ക് നേരിടേണ്ടി വരും. പുറമെ പ്രാദേശിക പോലീസിന് കൈമാറി നിയമനടപടികളും സ്വീകരിക്കും.
