വാഷിങ്ടൺ ഡിസിയിലെത്തി മേയർ വി വി രാജേഷ്; ആദ്യ പരിപാടി ഇന്ത്യൻ എംബസിയിൽ, കോർപറേഷൻ്റെ പദ്ധതി അവതരിപ്പിച്ചു

വാഷിങ്ടൺ: യുഎസ് സന്ദർശനത്തിന്റെ ഭാഗമായി തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി. രാജേഷ് വാഷിങ്ടൺ ഡിസിയിലെത്തി. വാഷിങ്ടണിലെ ഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത അദ്ദേഹം, കൾച്ചറൽ സെൽ ചുമതലയുള്ള എംബസി കൗൺസിലർ ദേബേഷ് കുമാർ ബെഹ്റ അടക്കമുള്ള ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. കോർപറേഷന്റെ വിവിധ വികസന പദ്ധതികൾ കൂടിക്കാഴ്ചയിൽ മേയർ അവതരിപ്പിച്ചു.
കൾച്ചറൽ എക്സ്ചേഞ്ചിന്റെ ഭാഗമായി കളരിപ്പയറ്റ്, കഥകളി തുടങ്ങിയ കലാരൂപങ്ങൾ ഉൾപ്പെടുത്തി പാക്കേജുകൾ തയ്യാറാക്കിയാൽ അമേരിക്കയിൽ മികച്ച സാധ്യതയുണ്ടെന്നും എംബസി വഴി ഇവ പ്രമോട്ട് ചെയ്യാൻ സാധിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അമേരിക്കൻ നഗരങ്ങളും തിരുവനന്തപുരം കോർപറേഷനും തമ്മിൽ ഐടി മേഖലയിലടക്കം സഹകരണം വ്യാപിപ്പിക്കുമ്പോൾ ഇരുരാജ്യങ്ങളിലെയും സർക്കാരുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ എംബസിയുടെ പിന്തുണ അനിവാര്യമാണ്. കോർപറേഷന്റെ പദ്ധതികളോട് എംബസി ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ച അനുകൂല നിലപാട് ഏറെ പ്രതീക്ഷ നൽകുന്നതാണെന്ന് മേയർ പ്രതികരിച്ചു.
എട്ട് ദിവസത്തെ സന്ദർശനത്തിനായി ഓഗസ്റ്റ് ഒന്നിനാണ് മേയർ അമേരിക്കയിലേക്ക് തിരിച്ചത്. യാത്രയുടെ ഭാഗമായി മുസ്സൂറി സിറ്റി മേയർ റോബിൻ എലക്കാട്ടുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. മാലിന്യസംസ്കരണം, തെരുവുനായ സംരക്ഷണം, ഐടി മേഖലയിലെ സഹകരണം എന്നിവയായിരുന്നു ചർച്ചയിലെ പ്രധാന വിഷയങ്ങൾ. ന്യൂജേഴ്സിയിൽ നടന്ന ‘നമാം’ അവാർഡ് നൈറ്റിൽ പങ്കെടുത്ത അദ്ദേഹം പ്രമുഖ ക്യാൻസർ വിദഗ്ധൻ ഡോ. എം.വി. പിള്ളയുമായും ആശയവിനിമയം നടത്തി.
ഫിലാഡൽഫിയയിൽ നടക്കുന്ന ഫൊക്കാന സമ്മേളനത്തിലും മേയർ പങ്കെടുക്കും. വിവിധ യുഎസ് നഗരങ്ങളിലെ മലയാളി സമൂഹവുമായും തിരുവനന്തപുരം സ്വദേശികളായ പ്രമുഖരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നുണ്ട്. സന്ദർശനം പൂർത്തിയാക്കി ഓഗസ്റ്റ് 10-ന് അദ്ദേഹം നാട്ടിൽ തിരിച്ചെത്തും. നിലവിൽ ഡെപ്യൂട്ടി മേയർ ആശാ നാഥാണ് മേയറുടെ താത്കാലിക ചുമതല വഹിക്കുന്നത്.
