‘വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ ഉൾപെടുത്തുന്നത് ബിജെപി നയം’, കോൺഗ്രസ് മുഖ്യമന്ത്രി ബിജെപി നിലപാട് സ്വീകരിക്കാൻ പാടുണ്ടോ, ആഞ്ഞടിച്ച് പിണറായി

തിരുവനന്തപുരം: വഖഫ് വിഷയമടക്കം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വഖഫ് വിവാദത്തിൽ താൻ വർഗീയത പരത്തുന്നുവെന്ന വി.ഡി. സതീശന്റെ പരാമർശം തെറ്റാണെന്നും സംഘപരിവാറിന്റെ നാവായാണ് പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വഖഫ് ബോർഡിൽ അമുസ്ലിംകളെ ഉൾപ്പെടുത്തുകയെന്നത് ബി.ജെ.പിയുടെ നയമാണ്. ആ കേന്ദ്ര ഭേദഗതിയെ പിന്തുണക്കുന്ന നിലപാടിലേക്ക് യു.ഡി.എഫ് മാറുകയാണോയെന്ന് വ്യക്തമാക്കണം. കോൺഗ്രസ് നേതാവായ പ്രതിപക്ഷ നേതാവ് ബി.ജെ.പി നിലപാട് സ്വീകരിക്കാൻ പാടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
ഒരു ഘട്ടത്തിലും കേന്ദ്ര നിയമവുമായി യോജിച്ച നിലപാടല്ല എൽ.ഡി.എഫ് സർക്കാർ സ്വീകരിച്ചത്. അമുസ്ലിംകളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്തുന്നതിന് എതിരായ നിലപാടാണ് സർക്കാറിനുള്ളത്. അങ്ങനെയെങ്കിൽ വഖഫ് ബോർഡിൽ രണ്ട് അമുസ്ലിംകളെ നിയമിക്കണമായിരുന്നു. വഖഫ് വിഷയത്തിൽ യു.ഡി.എഫാണ് മലക്കംമറിച്ചിൽ നടത്തുന്നത്. പ്രതിപക്ഷ നേതാവ് സംഘപരിവാറിന്റെ നാവ് കടമെടുത്ത് സംസാരിക്കുകയാണ്. കേന്ദ്ര ഭേദഗതിക്കെതിരെ ലീഗ് അടക്കം നൽകിയ ഹർജി സുപ്രീം കോടതി തള്ളിയെന്ന് സതീശൻ പറഞ്ഞത് തെറ്റാണ്. ജനങ്ങളെ ബോധപൂർവം തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു.
