വഖഫ് ബോർഡിൽ അഡ്മിനിസ്ട്രേറ്ററെ നിയമിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി തിരുത്തി; സർക്കാരിന് തിരിച്ചടി

ന്യൂഡൽഹി: വഖഫ് ബോർഡിൽ സംസ്ഥാന സർക്കാരിന്റെ ജോയിന്റ് സെക്രട്ടറിയെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ച ഹൈക്കോടതി നടപടി സുപ്രീം കോടതി തിരുത്തി. ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന്റെ സുപ്രധാന ഇടപെടൽ. അഡ്മിനിസ്ട്രേറ്റർ ഭരണം നീക്കിയത് ബോർഡിന്റെ പ്രവർത്തനങ്ങളിൽ നേരിട്ട് ഇടപെടാൻ കാത്തിരുന്ന സംസ്ഥാന സർക്കാരിന് വലിയ തിരിച്ചടിയായി.
അതേസമയം, വിധി വഖഫ് ബോർഡിന് താത്കാലിക ആശ്വാസം നൽകുന്നുണ്ടെങ്കിലും പൂർണ്ണമായ ഇളവ് ലഭിച്ചിട്ടില്ല. അഡ്മിനിസ്ട്രേറ്റർ പദവി ഒഴിഞ്ഞെങ്കിലും സർക്കാരിന്റെ ജോയിന്റ് സെക്രട്ടറിക്ക് ‘എക്സ് ഒഫീഷ്യോ’ അംഗമായി ബോർഡിൽ തുടരാൻ അനുമതിയുണ്ട്.
സാമ്പത്തിക നിയന്ത്രണങ്ങളിൽ ഇടപെട്ടില്ല
വഖഫ് ബോർഡിന്റെ പ്രധാന സാമ്പത്തിക തീരുമാനങ്ങളിൽ ഹൈക്കോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അതേപടി നിലനിൽക്കും. വലിയ തുകകളുടെ സാമ്പത്തിക ഇടപാടുകളും നയപരമായ തീരുമാനങ്ങളും ഹൈക്കോടതിയുടെ മുൻകൂറായുള്ള മേൽനോട്ടത്തിൽ മാത്രമേ എടുക്കാവൂ എന്ന ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ തളളിക്കളയാൻ സുപ്രീം കോടതി തയ്യാറായില്ല.
നയപരവും സാമ്പത്തികവുമായ വിഷയങ്ങളിൽ അഡ്മിനിസ്ട്രേറ്ററുടെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, വിഷയവുമായി ബന്ധപ്പെട്ട് ഷോൺ ജോർജ് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളിൽ ഹൈക്കോടതി എത്രയും വേഗം അന്തിമ തീരുമാനമെടുക്കണമെന്നും നിർദേശിച്ചു. വഖഫ് ബോർഡിന്റെ ഭരണവുമായി ബന്ധപ്പെട്ട ഈ ഹർജികളിൽ ഹൈക്കോടതിയുടെ നിർണ്ണായക വിധി ഉടൻ ഉണ്ടായേക്കും.
