ലോകകപ്പ് നിരാശ കാറ്റിൽപ്പറത്തി വീണ്ടും ‘മെസി മാജിക്’; ഇരട്ടഗോളും അസിസ്റ്റുമായി മിന്നി, മയാമിക്ക് തകർപ്പൻ ജയം

മയാമി: ലോകകപ്പ് നിരാശകൾക്ക് വിരാമമിട്ട് ലയണൽ മെസി വീണ്ടും കളിക്കളത്തിൽ നിറഞ്ഞാടി. ലോകകപ്പിന് ശേഷം ഫസ്റ്റ് ഇലവനില് തിരിച്ചെത്തിയ ആദ്യ മത്സരത്തിൽ തന്നെ ഇരട്ടഗോളും ഒരു അസിസ്റ്റുമായി അർജന്റീന നായകൻ കളം വാണപ്പോൾ ലീഗ്സ് കപ്പിൽ ഇൻറർ മയാമിക്ക് തകർപ്പൻ ജയം. മെക്സിക്കൻ ക്ലബ്ബായ അറ്റ്ലറ്റികോ സാൻ ലൂയിസിനെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് മയാമി വീഴ്ത്തിയത്.
ഈ തകർപ്പൻ പ്രകടനത്തോടെ ചരിത്രനേട്ടവും മെസിയെ തേടിയെത്തി. ലീഗ്സ് കപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡാണ് (14 ഗോളുകൾ) 39-കാരനായ താരം സ്വന്തമാക്കിയത്. ലോസ് ഏഞ്ചൽസ് എഫ്.സിയുടെ ഡെനിസ് ബൊവാംഗയുടെ (13 ഗോളുകൾ) റെക്കോർഡാണ് മെസി പഴങ്കഥയാക്കിയത്. ഇതുവരെ കളിച്ച 12 ലീഗ്സ് കപ്പ് മത്സരങ്ങളിൽ നിന്നാണ് മെസി 14 ഗോളുകൾ അടിച്ചുകൂട്ടിയത്.
മയാമിയിലെ നു സ്റ്റേഡിയത്തിൽ മഴ നനഞ്ഞൊഴുകിയ മത്സരത്തിൽ ശക്തമായ ഇടിമിന്നലിനെ തുടർന്ന് രണ്ടാം പകുതി അരമണിക്കൂറോളം നിർത്തിവെക്കേണ്ടി വന്നിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മയാമിക്ക് തിരിച്ചടി നേരിട്ടു. നാലാം മിനിറ്റിൽ ഡേവിഡ് റോഡ്രിഗസിന്റെ ഹെഡ്ഡറിലൂടെ സാൻ ലൂയിസാണ് ആദ്യം മുന്നിലെത്തിയത്.
എന്നാൽ, അധികം വൈകാതെ ‘മെസി മാജിക്’ മത്സരത്തിന്റെ ഗതിമാറ്റി. 11-ാം മിനിറ്റിൽ നോഹ അല്ലന്റെ പാസിൽ നിന്ന് പന്ത് വലയിലാക്കി മെസി മയാമിയെ ഒപ്പമെത്തിച്ചു. പിന്നാലെ 26-ാം മിനിറ്റിൽ ടലാസ്കോ സെഗോവിയയിലൂടെ മയാമി ലീഡെടുത്തു.
ആക്രമണം കനപ്പിച്ച മയാമിക്കായി 44-ാം മിനിറ്റിൽ നോഹ അല്ലന്റെ അസിസ്റ്റിൽ മെസി തന്റെ രണ്ടാം ഗോളും കണ്ടെത്തി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ മെസിയുടെ തകർപ്പൻ അസിസ്റ്റിൽ ഡിഫൻഡർ മികായേൽ ഹെഡ്ഡറിലൂടെ മയാമിയുടെ നാലാം ഗോളും വലയിലെത്തിച്ചു. രണ്ടാം പകുതിയിൽ റാഫ ലോറെൻ സാൻ ലൂയിസിനായി ഒരു ഗോൾ മടക്കിയെങ്കിലും മയാമിയുടെ വിജയം തടയാനായില്ല. മത്സരത്തിൽ ലെഫ്റ്റ് ബാക്ക് നോഹ അല്ലൻ മൂന്ന് അസിസ്റ്റുകളാണ് നൽകിയത്.
ലോകകപ്പ് ഫൈനലിൽ സ്പെയിനോട് പരാജയപ്പെട്ട അർജന്റീന സംഘത്തെ നയിച്ച ശേഷം മയാമി നിരയിൽ തിരിച്ചെത്തിയ മെസി കഴിഞ്ഞ മത്സരത്തിൽ പകരക്കാരനായാണ് ഇറങ്ങിയിരുന്നത്. ഈ ജയത്തോടെ എല്ലാ ടൂർണമെന്റുകളിലുമായി തോൽവിയറിയാത്ത എട്ട് മത്സരങ്ങളുടെ കുതിപ്പാണ് മയാമി പൂർത്തിയാക്കിയത്.
അതേസമയം, കഴിഞ്ഞ സീസണിലെ ലീഗ്സ് കപ്പ് ഫൈനലിന് ശേഷമുണ്ടായ തർക്കങ്ങളെ തുടർന്ന് ഇൻറർ മയാമി സ്ട്രൈക്കർ ലൂയിസ് സുവാരസിന് ലഭിച്ച ആറ് മത്സരങ്ങളുടെ വിലക്ക് നിലവിലുണ്ട്. അതിനാൽ ഈ സീസണിലെ ലീഗ്സ് കപ്പിൽ സുവാരസിന് കളിക്കാൻ സാധിക്കില്ല.
