ലഹരിയിടപാട് കേസില്‍ കുടുങ്ങി: അദ്ധ്യാപികമാരെ പേരാമ്പ്ര ബിആര്‍സി പിരിച്ചുവിട്ടു

വടകര: ലഹരിയിടപാട് കേസില്‍ കുടുങ്ങിയ അദ്ധ്യാപികമാരെ പിരിച്ചുവിട്ടു. കൂരാച്ചുണ്ട് സ്വദേശി കാവ്യ, മരുതോങ്കര സ്വദേശി കീര്‍ത്തന എന്നിവരെയാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്. പേരാമ്പ്ര ബിആര്‍സിക്ക് കീഴിലുള്ള അദ്ധ്യാപികമാരായ ഇവരുടെ അക്കൗണ്ടുകള്‍ വഴി വന്‍തുകകളുടെ ഇടപാട് നടന്നതായിട്ടാണ് കണ്ടെത്തല്‍. ബിആര്‍സിയിലേക്ക് യുവജനപ്രസ്ഥാനങ്ങള്‍ പ്രതിഷേധവുമായി എത്തി. രണ്ടുപേരും കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തു വന്നിരുന്ന താല്‍ക്കാലിക അദ്ധ്യാപികമാരാണ്. പോലീസ് ഇവരെ കുടുതല്‍ ചോദ്യം ചെയ്യും.
കീര്‍ത്തന കായികാദ്ധ്യാപികയാണ്. ഇരുവരുടേയും അക്കൗണ്ടുകളിലേക്ക് ആവശ്യക്കാര്‍ പണം അയയ്ക്കും. ലഹരി സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് എത്തി മയക്കുമരുന്ന് കൊടുക്കുന്നത് മറ്റൊരാളാണ്. ഈ രീതിയിലാണ് ഇവര്‍ ഇടപാടുകള്‍ നടത്തിയിരുന്നതെന്നാണ് വിവരം. ഇവര്‍ക്ക് വന്‍തോക്കുകളുമായി ബന്ധമെന്നാണ് സംശയം. കാവ്യയെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറിയത് കീര്‍ത്തനയായിരുന്നു. ഇവരുടെ അക്കൗണ്ടുകളിലേക്ക് പണം അയച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോള്‍. ഇവര്‍ക്ക് മയക്കുമരുന്ന് രംഗത്തെ വന്‍ തോക്കുകളുമായി ബന്ധമുണ്ടെന്നാണ് പോലീസ് കരുതുന്നത്. കാവ്യയെ ഇന്നലെയാണ് പോലീസ് പിടികൂടിയത്. രണ്ടാഴ്ചക്കിടെയാണ് ഇവര്‍ പിടിയിലായത്.
ജൂലൈ 11ന് അറസ്റ്റിലായ കീര്‍ത്തനയെ നേരത്തേ തന്നെ പിരിച്ചുവിട്ടിരുന്നു. മയക്കുമരുന്ന് വാങ്ങാനെത്തുന്നവര്‍ ഇവരുടെ അക്കൗണ്ടുകളിലേക്ക് തവണകളായി പണം അയച്ചു എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പ്രധാനമായും കീര്‍ത്തനയുടെ അക്കൗണ്ടിലേക്കാണ് കൂടുതലായും ആവശ്യക്കാര്‍ പണം അയച്ചത്. കീര്‍ത്തനയുടെ അക്കൗണ്ടില്‍ നിന്ന് കാവ്യയിലേക്കും പണം പോയിട്ടുണ്ട്. ഇതിനു പുറമെ നേരിട്ടും കാവ്യയുടെ അക്കൗണ്ടിലേക്ക് പണം അയച്ചതായും അന്വേഷണത്തില്‍ കണ്ടെ ത്തി. ക്യൂആര്‍ കോഡ് സ്കാന്‍ചെയ്താണ് പണം അയച്ചത്.
പണം നല്‍കുന്നവര്‍ക്ക് എവിടെയെത്തിയാല്‍ ലഹരികിട്ടും എന്നതിനുള്ള ലൊക്കേഷനും ഇവര്‍ അയച്ചുകൊടുക്കും. ആസൂത്രണത്തോടെയാണ് ഇവര്‍ ലഹരി ഇടപാട് നടത്തിയിരുന്നതെന്ന് പോലീസ് പറയുന്നു. രണ്ടു ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ വടകര ആവിക്കലിലെ സഫുവാന്‍ എന്നയാളുടെ ഫോണ്‍ രേഖകളും ബാങ്ക് അക്കൗണ്ടും പരിശോധിച്ചപ്പോഴാണ് അന്വേഷണം ഈ യുവതികളിലേക്ക് എത്തിയത്. വടകര, കുറ്റ്യാടി, നാദാപുരം മേഖലയിലെ നിരവധി യുവാക്കളും വിദ്യാര്‍ഥികളും ഇവരുടെ ഇടപാടുകാരായുണ്ട് എന്ന സംശയത്തിലാണ് പോലീസ്.
