ലക്ഷ്മിപ്രിയയ്ക്കെതിരായ പരാതി, ഹൈക്കോടതിയെ സമീപിച്ച് നടി അൻസിബ

കൊച്ചി: സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് നടി അൻസിബ ഹസൻ ഹൈക്കോടതിയെ സമീപിച്ചു. ലക്ഷ്മിപ്രിയ പങ്കുവെച്ച വീഡിയോ തന്റെ സ്വകാര്യതയെയും സാമൂഹിക വ്യക്തിത്വത്തെയും ബാധിച്ചതായി ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഇതുസംബന്ധിച്ച് പാലാരിവട്ടം പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടാകാതിരുന്നതിനെ തുടർന്ന് അൻസിബ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനാകില്ലെന്ന നിലപാടാണ് മജിസ്ട്രേറ്റ് കോടതിയും സ്വീകരിച്ചത്. ഈ ഉത്തരവ് റദ്ദാക്കണമെന്നും കേസിൽ പൊലീസിനോട് അന്വേഷണത്തിന് നിർദേശം നൽകണമെന്നുമാണ് ഹൈക്കോടതിയോടുള്ള അൻസിബയുടെ ആവശ്യം.
അമ്മ തർക്കം: അൻസിബയ്ക്കെതിരെ ശ്വേതാ മേനോന്റെ സത്യവാങ്മൂലം
അതേസമയം, ‘അമ്മ’ (AMMA) സംഘടനയിലെ അഡ്ഹോക് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട കേസിൽ അൻസിബയ്ക്കെതിരെ രൂക്ഷവിമർശനവുമായി നടി ശ്വേതാ മേനോൻ മുൻസിഫ് കോടതിയിൽ സത്യവാങ്മൂലം നൽകി. കേസിൽ കക്ഷി ചേരാൻ അൻസിബ അപേക്ഷ നൽകിയ പശ്ചാത്തലത്തിലാണ് ശ്വേതയുടെ പ്രതികരണം.
അൻസിബ നിലവിൽ അഡ്ഹോക് കമ്മിറ്റി അംഗമല്ലെന്നും മുൻവൈരാഗ്യം തീർക്കാനാണ് കേസിലേക്ക് ഇടപെടാൻ ശ്രമിക്കുന്നതെന്നും ശ്വേത ആരോപിച്ചു. ‘അമ്മ’ പ്രസിഡന്റായി തുടരുക എന്നത് തന്റെ നിയമപരമായ അവകാശമാണെന്നും നടപടികൾ നീട്ടിക്കൊണ്ടുപോകാനാണ് അൻസിബ അനാവശ്യ ഹരജികളുമായി രംഗത്തെത്തുന്നതെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
