യു.എസ്. സൈനിക വിമാനം റഷ്യയില്; ഒന്നുമറിയില്ലെന്ന് ക്രെംലിന്

മോസ്കോ: ഉക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ വാഷിങ്ടണും മോസ്കോയും തമ്മിലുള്ള നയതന്ത്രബന്ധം അങ്ങേയറ്റം വിയോജിപ്പിൽ തുടരവെ, റഷ്യൻ തലസ്ഥാനത്ത് യു.എസ് സൈനിക വിമാനം അപ്രതീക്ഷിതമായി ലാൻഡ് ചെയ്തത് വൻ ദുരൂഹതയ്ക്കും അഭ്യൂഹങ്ങൾക്കും വഴിവെക്കുന്നു. മോസ്കോയിലെ വ്നുക്കോവോ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് യു.എസ് വ്യോമസേനയുടെ വിമാനം ലാൻഡ് ചെയ്തത്. സംഭവത്തെക്കുറിച്ച് തങ്ങൾക്ക് യാതൊരു വിവരവുമില്ലെന്നാണ് റഷ്യൻ ഭരണകൂടത്തിന്റെ പ്രതികരണം.
ആഗോള ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ‘ഫ്ലൈറ്റ് റഡാറി’ന്റെ കണക്കുകൾ പ്രകാരം അമേരിക്കൻ വ്യോമസേനയുടെ ബോയിങ് C-17 ഗ്ലോബ്മാസ്റ്റർ III ഇനത്തിൽപ്പെട്ട ചരക്കുവിമാനമാണ് മോസ്കോയിലണഞ്ഞത്. യുദ്ധോപകരണങ്ങളും സൈനികരെയും അതിവേഗം ലോകത്തിന്റെ ഏതുഭാഗത്തുമെത്തിക്കാൻ ശേഷിയുള്ള തന്ത്രപ്രധാന വിമാനങ്ങളാണിവ. ലാത്വിയൻ തലസ്ഥാനമായ റിഗയിൽനിന്ന് രാവിലെ 8.50-ന് പറന്നുയർന്ന വിമാനമാണ് റഷ്യൻ തലസ്ഥാനത്തെത്തിയത്. അമേരിക്കയിലെ ആൻഡ്രൂസ് എയർഫോഴ്സ് ബേസിൽനിന്നാണ് ഇതിന്റെ യാത്ര ആരംഭിച്ചതെന്നും ട്രാക്കിങ് വിവരങ്ങൾ വ്യക്തമാക്കുന്നു. യു.എസ് പ്രസിഡന്റ് ഉൾപ്പെടെയുള്ള വി.വി.ഐ.പികളുടെ യാത്രാ കേന്ദ്രമാണ് ആൻഡ്രൂസ് ബേസ്.
വിമാനത്തിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് യു.എസോ റഷ്യയോ ഔദ്യോഗിക പ്രതികരണങ്ങൾ പുറത്തുവിട്ടിട്ടില്ല. വിമാനത്തിൽ ആരെല്ലാമാണ് ഉണ്ടായിരുന്നതെന്നോ എന്തൊക്കെ ചരക്കുകളാണ് എത്തിച്ചതെന്നോ ഉള്ള വിവരങ്ങൾ ഇപ്പോഴും രഹസ്യമായി തുടരുകയാണ്. നയതന്ത്ര തലത്തിൽ വലിയ ചർച്ചകൾക്കാണ് ഈ ദുരൂഹ ലാൻഡിങ് കളമൊരുക്കിയിരിക്കുന്നത്.
