
ഹൂസ്റ്റൺ: ലോകകപ്പ് ആവേശം കൊടുമുടിയിലെത്തിച്ച് വൻതോക്കുകളുടെ പോരാട്ടവീര്യം. ചൊവ്വാഴ്ച നടന്ന മത്സരങ്ങളിൽ കിലിയൻ എംബാപ്പെ, എർലിങ് ഹാലണ്ട്, ലയണൽ മെസ്സി എന്നിവർ ഗോളടിച്ചു തകർത്തപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് നിരാശയുടെ ദിനമായിരുന്നു.
സെനഗലിനെതിരെയുള്ള പോരാട്ടത്തിൽ ഇരട്ട ഗോളുകൾ അടിച്ചുകൂട്ടിയ ഫ്രഞ്ച് പടയാളി കിലിയൻ എംബാപ്പെ, ഫ്രാൻസിന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ എന്ന റെക്കോർഡ് ഇനി തന്റെ പേരിൽ കുറിച്ചു. ഇറാഖിനെതിരെയുള്ള മത്സരത്തിലൂടെ ലോകകപ്പിലേക്ക് അരങ്ങേറ്റം കുറിച്ച നോർവേയുടെ ഗോൾ മെഷീൻ എർലിങ് ഹാലണ്ടാകട്ടെ, ഇരട്ട ഗോളുകളോടെയാണ് ലോകവേദിയിൽ വരവറിയിച്ചത്.
എന്നാൽ, ഈ യുവതുർക്കികളെയെല്ലാം അമ്പരപ്പിച്ചുകൊണ്ട് ഒരുപടി മുന്നിൽ നിന്നത് അർജന്റീനയുടെ മാന്ത്രികൻ ലയണൽ മെസ്സിയാണ്. അൾജീരിയക്കെതിരായ മത്സരത്തിൽ തകർപ്പൻ ഹാട്രിക് കുറിച്ച മെസ്സി, ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ജർമ്മനിയുടെ ഇതിഹാസ താരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡിനൊപ്പമെത്തി ഒന്നാം സ്ഥാനം പങ്കിടുകയാണ്.
മറ്റൊരു മത്സരത്തിൽ പോർച്ചുഗലിനായി കളത്തിലിറങ്ങിയ 41-കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പക്ഷെ കളിയിൽ കാര്യമായ സ്വാധീനമുണ്ടാക്കാൻ സാധിച്ചില്ല. ഡി.ആർ കോംഗോയ്ക്കെതിരെയുള്ള സമനിലയോടെ, ആറ് വ്യത്യസ്ത ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന ചരിത്ര റെക്കോർഡ് സ്വന്തമാക്കാനുള്ള ആദ്യ അവസരമാണ് റൊണാൾഡോയ്ക്ക് നഷ്ടമായത്.
തന്റെ രാജ്യത്തിനായി 229 മത്സരങ്ങളില്‍ നിന്ന് 143 ഗോളുകള്‍ നേടിയിട്ടുള്ള ഈ ഇതിഹാസ താരത്തെ ഹൂസ്റ്റണില്‍ നടന്ന മത്സരത്തിലുടനീളം പരിശീലകൻ കളത്തിൽ നിലനിർത്തിയിരുന്നു. ക്ലബ്ബിനും രാജ്യത്തിനുമായി 1,000 കരിയര്‍ ഗോളുകള്‍ എന്ന അത്യപൂർവ്വ നാഴികക്കല്ലിലേക്ക് അടുക്കുന്ന അല്‍-നാസര്‍ സ്ട്രൈക്കർക്ക്, രണ്ടാം പകുതിയുടെ മധ്യത്തില്‍ തുടര്‍ച്ചയായി രണ്ട് മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല.
ഹാഫ് ടൈമില്‍ പകരക്കാരനായി ഇറങ്ങിയ ഫ്രാന്‍സിസ്കോ കോണ്‍സീക്കാവോ വലതുവശത്ത് നിന്ന് രണ്ട് തവണയാണ് റൊണാള്‍ഡോയ്ക്കായി പന്ത് ബോക്സിലേക്ക് എത്തിച്ചു നൽകിയത്. എന്നാല്‍ ആദ്യത്തെ പാസ് റൊണാള്‍ഡോയുടെ അല്പം പുറകിലായതിനാല്‍ അദ്ദേഹത്തിന്റെ ഷോട്ട് പോസ്റ്റിന് അരികിലൂടെ പുറത്തേക്ക് പോയി. രണ്ടാമത്തെ അവസരത്തില്‍ പന്ത് കൃത്യമായ പൊസിഷനിലായിരുന്നെങ്കിലും, ഡി.ആർ കോംഗോ പ്രതിരോധത്തിന്റെ കടുത്ത സമ്മര്‍ദ്ദം കാരണം റൊണാള്‍ഡോയുടെ ഷോട്ട് വൈഡായി മാറുകയായിരുന്നു. ഇതോടെ കഴിഞ്ഞ അഞ്ച് ലോകകപ്പ് മത്സരങ്ങളിലും താരത്തിന് ലക്ഷ്യം കാണാനായില്ല. ഈ മോശം പ്രകടനം വരും മത്സരങ്ങളില്‍ റോണോയെ ബെഞ്ചിലിരുത്താൻ പരിശീലകനെ പ്രേരിപ്പിക്കുമോ എന്നാണ് ആരാധകർ ഇപ്പോൾ ഉറ്റുനോക്കുന്നത്.
മത്സരത്തിൽ 75% പന്തടക്കം പോര്‍ച്ചുഗലിന് ഉണ്ടായിരുന്നിട്ടും, ഗോള്‍ ലക്ഷ്യമാക്കി വെറും 7 ഷോട്ടുകള്‍ മാത്രമേ അവര്‍ക്ക് ഉതിര്‍ക്കാനായുള്ളൂ. ഇതോടെ വലിയ ടൂര്‍ണമെന്റുകളില്‍ തുടര്‍ച്ചയായി 10 മത്സരങ്ങളില്‍ റൊണാള്‍ഡോയ്ക്ക് ഗോള്‍ നേടാനായില്ലെന്ന മോശം റെക്കോർഡും താരത്തെ തേടിയെത്തി. മത്സരത്തിലുടനീളം കളിച്ചിട്ടും പോര്‍ച്ചുഗലിന്റെ ഔട്ട്ഫീല്‍ഡ് കളിക്കാരില്‍ ഏറ്റവും കുറവ് ടച്ചുകള്‍ റൊണാള്‍ഡോയുടെ വകയായിരുന്നു; ആകെ 25 തവണ മാത്രമാണ് താരം പന്തു തൊട്ടത്.
