മദ്യക്കുപ്പി തിരികെ നൽകിയാൽ 20 രൂപ; പദ്ധതി ഓണം വരെ മാത്രം നിർത്തിവെച്ചതെന്ന് മന്ത്രി

തിരുവനന്തപുരം: ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികൾ തിരികെ നൽകിയാൽ 20 രൂപ തിരികെ നൽകുന്ന പദ്ധതി പൂർണമായും അവസാനിപ്പിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കിയിട്ടുണ്ട്. ഓണം വരെ മാത്രമാണ് പദ്ധതി താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നതെന്നും, തുടർന്ന് ആവശ്യമായ പരിഷ്കാരങ്ങളോടെ ഇത് വീണ്ടും നടപ്പാക്കുമെന്നുമാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. പദ്ധതി നാളെ മുതൽ അവസാനിപ്പിക്കുമെന്നും ഒഴിഞ്ഞ മദ്യക്കുപ്പി തിരികെ നൽകിയാൽ ഇനി 20 രൂപ ലഭിക്കില്ലെന്നുമായിരുന്നു ബെവ്കോയുടെ ആദ്യ അറിയിപ്പ്. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ ഔദ്യോഗിക വിശദീകരണം പുറത്തുവന്നത്. പ്ലാസ്റ്റിക് കുപ്പിയിലുള്ള മദ്യം വാങ്ങുമ്പോൾ ഉപഭോക്താക്കളിൽ നിന്ന് 20 രൂപ അധികമായി ഈടാക്കുകയും, അതേ ഔട്ട്ലെറ്റിൽ ക്യൂആർ കോഡ് പതിച്ച ഒഴിഞ്ഞ കുപ്പി തിരികെ നൽകുമ്പോൾ ഈ തുക ഉപഭോക്താവിന് തിരികെ നൽകുകയും ചെയ്യുന്നതായിരുന്നു ഈ പദ്ധതിയുടെ രീതി. എന്നാൽ ജീവനക്കാരുടെ ഭാഗത്തുനിന്നുള്ള ബുദ്ധിമുട്ടുകളും ഔട്ട്ലെറ്റുകളിൽ കാലിക്കുപ്പികൾ കെട്ടിക്കിടന്ന് സ്റ്റോക്ക് സൂക്ഷിക്കുന്നതിന് തടസ്സമാകുന്നതുൾപ്പെടെയുള്ള പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് ഈ താത്കാലിക തീരുമാനം എടുക്കേണ്ടി വന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആരംഭിച്ച ഈ പദ്ധതിയിലൂടെ 2024 സെപ്റ്റംബർ 15 മുതൽ ഡിസംബർ 10 വരെയുള്ള കാലയളവിൽ മാത്രം 6.63 കോടി രൂപയാണ് ബെവ്കോ ഉപഭോക്താക്കൾക്ക് തിരികെ നൽകിയിരുന്നത്.
