ബോഡി ഷെയ്മിങ്ങും ലൈംഗിക പരാമർശവും; യുവാവിന്റെ അക്കൗണ്ട് പൂട്ടിച്ച് നടി അന്ന രാജൻ

നടി അന്ന രാജന് നേരെ വീണ്ടും ബോഡി ഷെയ്മിങ്ങും ലൈംഗിക പരാമർശവും നടത്തിയ യുവാവിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് പൂട്ടിച്ച് താരം. വ്യൂവ്സിന് വേണ്ടി മറ്റൊരാളുടെ പേരോ ചിത്രങ്ങളോ ദുരുപയോഗം ചെയ്യുന്നതിന് മുൻപ് ചിന്തിക്കണമെന്നും അതിരുകടന്നാൽ മുൻകൂട്ടി മുന്നറിയിപ്പ് നൽകാതെ തന്നെ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും താരം താക്കീത് നൽകി. ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെയാണ് അന്ന രാജൻ ഇക്കാര്യം വ്യക്തമാക്കിയത്.
തനിക്ക് ഇത്തരം നാടകങ്ങളിലൊന്നും താൽപ്പര്യമില്ലെന്നും ഓൺലൈനിൽ ശ്രദ്ധ നേടാൻ ശ്രമിക്കുന്നവരെ ഗൗനിക്കാറില്ലെന്നും നടി പറയുന്നു. എന്നാൽ, അപകീർത്തിപ്പെടുത്താനും അധിക്ഷേപിക്കാനും ലക്ഷ്യമിട്ട് അതിരുകൾ ലംഘിച്ചാൽ ഇനി വിട്ടുവീഴ്ചയുണ്ടാകില്ലെന്നും ബന്ധപ്പെട്ട അധികാരികൾ വഴി നിയമനടപടികൾ കൈക്കൊള്ളുമെന്നും അന്ന വ്യക്തമാക്കി.
നേരത്തെയും തന്റെ ചിത്രം അശ്ലീലമായി എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതിനെതിരെ താരം രൂക്ഷമായി പ്രതികരിച്ചിരുന്നു. സ്വകാര്യതയേയും വ്യക്തിത്വത്തേയും ഹനിക്കുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ പൊലീസിൽ പരാതി നൽകുമെന്നും നീതി ലഭിക്കുന്നത് വരെ പോരാടുമെന്നും അന്ന രാജൻ വ്യക്തമാക്കിയിരുന്നു. ഇത്തരം അധിക്ഷേപകരമായ ഉള്ളടക്കങ്ങൾ പിന്തുണയ്ക്കരുതെന്നും ഷെയർ ചെയ്യരുതെന്നും താരം ആരാധകരോട് അഭ്യർത്ഥിച്ചു.
