ബിസി ആയതുകൊണ്ട് ഇപ്പോഴും തലയില്‍ എണ്ണ തേയ്ക്കുന്നത് ഒഴിവാക്കുകയാണോ ? ; ഈ കാര്യങ്ങള്‍ അറിഞ്ഞാല്‍ എണ്ണ തേയ്ക്കുന്നത് ഒഴിവാക്കില്ല

കേശസംരക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് തലയിൽ എണ്ണ തേക്കുന്നത്. പണ്ടുകാലം മുതൽക്കേ രാത്രി മുഴുവൻ എണ്ണ തേച്ചുപിടിപ്പിക്കുന്ന രീതിയാണ് നാം പിന്തുടർന്നു പോരുന്നത്. ഈ പരമ്പരാഗത രീതിക്ക് ഇന്നും വലിയ പ്രാധാന്യമുണ്ടെങ്കിലും, ഇന്നത്തെ തിരക്കുപിടിച്ച ജീവിതശൈലിയിൽ പലരും ചോദിക്കുന്ന ചോദ്യമുണ്ട്—സമയക്കുറവിനിടയിലും മുടിക്ക് ആവശ്യമായ പോഷണം എങ്ങനെ നൽകാം?
മുടിക്ക് പോഷണം നിർബന്ധമാകുന്നതെന്തുകൊണ്ട്?
ആധുനിക ജീവിതരീതി കേശപരിപാലന രീതികളെയും മാറ്റിമറിച്ചിട്ടുണ്ട്. ഇടയ്ക്കിടെയുള്ള ഹീറ്റ് സ്റ്റൈലിങ്, വർധിച്ചുവരുന്ന മലിനീകരണം, കഠിനമായ വെള്ളത്തിന്റെ (hard water) ഉപയോഗം, മറ്റ് പരിസ്ഥിതി പ്രശ്നങ്ങൾ എന്നിവ മുടി വരണ്ടുപോകാനും തിളക്കം നഷ്ടപ്പെടാനും ഇടയാക്കുന്നു. ഇത് മുടിയുടെ സ്വാഭാവിക ക്യൂട്ടിക്കിളുകളെ ദുർബലപ്പെടുത്തുകയും ഈർപ്പം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. ഫലമോ, മുടി പരുക്കനാവുകയും എളുപ്പത്തിൽ പൊട്ടിപ്പോവുകയും ചെയ്യുന്നു. ഇവിടെയാണ് ഹെയർ ഓയിലിങ്ങിന്റെ പ്രാധാന്യം.
എണ്ണ തേക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ
മുടിയിൽ ഈർപ്പം നിലനിർത്തുന്നതിനൊപ്പം ദോഷകരമായ ബാഹ്യഘടകങ്ങളിൽ നിന്ന് സംരക്ഷണം തീർക്കാനും എണ്ണ തേക്കുന്നതിലൂടെ സാധിക്കും. ഇതിനുപുറമെ, നാം പലപ്പോഴും അവഗണിക്കുന്ന തലയോട്ടിയുടെ (scalp) ആരോഗ്യത്തിനും ഇത് അത്യാവശ്യമാണ്. ആരോഗ്യമുള്ള തലയോട്ടിയാണ് കരുത്തുറ്റ മുടിയുടെ അടിത്തറ.
എണ്ണ തേച്ച് മൃദുവായി മസാജ് ചെയ്യുമ്പോൾ തലയോട്ടിയിലെ രക്തചംക്രമണം വർധിക്കുകയും ഹെയർ ഫോളിക്കിളുകളിലേക്ക് ആവശ്യമായ പോഷകങ്ങൾ എത്തുകയും ചെയ്യും. ഇത് വരൾച്ചയും താരനും അകറ്റാൻ സഹായിക്കും. ഗുണനിലവാരമുള്ള വെളിച്ചെണ്ണ അധിഷ്ഠിത എണ്ണ ഉപയോഗിച്ചാൽ വെറും 30 മിനിറ്റുകൊണ്ട് മുടിയുടെ ആഴങ്ങളിലേക്ക് പോഷകങ്ങൾ എത്തിക്കാനാകും.
തിരക്കുള്ള ജീവിതത്തിലും വെളിച്ചെണ്ണ എങ്ങനെ ഉപയോഗിക്കാം?
എണ്ണ തേക്കൽ വലിയ സമയമെടുക്കുന്ന ഒരു പ്രക്രിയയാക്കേണ്ടതില്ല. തലയോട്ടിയിലും മുടിയിലും എണ്ണ തേച്ചുപിടിപ്പിച്ച ശേഷം ഏതാനും മിനിറ്റ് മൃദുവായി മസാജ് ചെയ്യുക. ലഭ്യമായ സമയം അനുസരിച്ച് 30 മിനിറ്റോ അതിൽ കൂടുതലോ എണ്ണ നിലനിർത്തിയ ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.
തിരക്കുള്ള പ്രവൃത്തിദിവസങ്ങളിൽ കുളിക്കുന്നതിന് തൊട്ടുമുമ്പ് അര മണിക്കൂർ എണ്ണ തേക്കുന്നതും, ഒഴിവുസമയങ്ങളിൽ കൂടുതൽ സമയമെടുത്ത് പരിചരിക്കുന്നതും ജീവിതശൈലിക്ക് അനുയോജ്യമായ രീതിയിൽ തിരഞ്ഞെടുക്കാം.
