പൊള്ളാർഡും ഗെയ്ലും പിന്നിൽ; ടി20 ക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതി ഇംഗ്ലണ്ട് താരം ജോസ് ബട്ലര്

ലണ്ടൻ: ടി20 ക്രിക്കറ്റ് ചരിത്രത്തിൽ എക്കാലത്തെയും മികച്ച റൺവേട്ടക്കാരുടെ പട്ടികയിൽ ഇംഗ്ലണ്ട് സ്റ്റാർ ബാറ്റർ ജോസ് ബട്ലർ ഒന്നാമതെത്തി. വെസ്റ്റ് ഇൻഡീസ് ഇതിഹാസം കെയ്റോൺ പൊള്ളാർഡിന്റെ റെക്കോർഡ് മറികടന്നാണ് ബട്ലറുടെ ചരിത്രനേട്ടം. ദി ഹണ്ട്രഡ് ലീഗിൽ മാഞ്ചസ്റ്റർ ഒറിജിനൽസിനായി 27 പന്തിൽ പുറത്താകാതെ 51 റൺസ് നേടിയതോടെയാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയത്. ടി20 കരിയറിൽ 522 മത്സരങ്ങളിൽ നിന്ന് 10 സെഞ്ചുറികളും 106 അർധസെഞ്ചുറികളുമടക്കം 14,833 റൺസാണ് ബട്ലറുടെ സമ്പാദ്യം. 14,803 റൺസുള്ള കെയ്റോൺ പൊള്ളാർഡ് രണ്ടാം സ്ഥാനത്തേക്കും, 14,562 റൺസുള്ള ക്രിസ് ഗെയ്ൽ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. അലക്സ് ഹെയ്ൽസ് (14,449 റൺസ്), ഡേവിഡ് വാർണർ (14,284 റൺസ്) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള മറ്റ് താരങ്ങൾ. ഈ പട്ടികയിൽ ഒരു ഇന്ത്യൻ താരം പോലും ആദ്യ അഞ്ചിൽ ഇടംനേടിയിട്ടില്ല. 14,218 റൺസുള്ള വിരാട് കോലിയാണ് ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരം (ആറാം സ്ഥാനം). റൺവേട്ടയിൽ ബട്ലർ മുന്നിലെത്തിയെങ്കിലും, ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് പൊള്ളാർഡിന്റെ പേരിൽ (741 മത്സരങ്ങൾ) തുടരുന്നു. സുനിൽ നരെയ്ൻ രണ്ടാമതുള്ള ഈ പട്ടികയിൽ ജോസ് ബട്ലർ ഒമ്പതാം സ്ഥാനത്താണ്.
