പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; വൻ പ്രതിഷേധവുമായി യുഡിഎഫ്, മലബാറിലെ എംപിമാർ ഇന്ന് നിരാഹാരമിരിക്കും

പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള നീക്കത്തിനെതിരെ യുഡിഎഫ് പ്രതിഷേധം ശക്തമാക്കുന്നു. ഡിവിഷൻ വിഭജനത്തിൽ പ്രതിഷേധിച്ച് മലബാറിൽ നിന്നുള്ള എംപിമാർ ഇന്ന് നിരാഹാര സമരം അനുഷ്ഠിക്കും. കർണാടക തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി നടത്തിയ രാഷ്ട്രീയ നീക്കമാണ് ഡിവിഷൻ വിഭജനത്തിന് പിന്നിലെന്ന് യുഡിഎഫ് ആരോപിച്ചു.
അതേസമയം, പാലക്കാട് റെയിൽവേ ഡിവിഷനിൽ നിന്നുള്ള മംഗളൂരു മേഖല സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡ് തീരുമാനം പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. സംസ്ഥാനത്തിന്റെ റെയിൽവേ വികസനത്തെയും ഭാവി സാധ്യതകളെയും ഗുരുതരമായി ബാധിക്കുന്ന തീരുമാനം കേരള സർക്കാരുമായി ഒരുവിധ കൂടിയാലോചനയും നടത്താതെയാണ് കൈക്കൊണ്ടതെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
കേരളത്തിന് വൻ തിരിച്ചടി; പാലക്കാട് ഡിവിഷന്റെ നിലനിൽപ്പ് ഭീഷണിയിൽ
പാലക്കാട് ഡിവിഷൻ വെട്ടിമുറിക്കുന്നത് കർണാടകത്തിന് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുമ്പോൾ കേരളത്തിന് വൻ തിരിച്ചടിയാകും. ഉള്ളാൾ മുതൽ മംഗളൂരു വരെയുള്ള റെയിൽവേ സ്റ്റേഷനുകൾ മൈസൂരു ഡിവിഷന് കീഴിലാകുന്നതോടെ മൈസൂരു ഡിവിഷന്റെ വാർഷിക വരുമാനത്തിൽ 500 മുതൽ 600 കോടി രൂപയുടെ വരെ വർധനവുണ്ടാകും.
എന്നാൽ, പ്രധാന ചരക്കുനീക്ക കേന്ദ്രമായ പനമ്പൂർ നഷ്ടപ്പെടുന്നതോടെ പാലക്കാട് ഡിവിഷന്റെ വാർഷിക വരുമാനത്തിൽ 1,100 കോടി രൂപയുടെ കൂപ്പുകുത്തലുണ്ടാകും. പാലക്കാട് ഡിവിഷന്റെ വരുമാനത്തിന്റെ 90 ശതമാനവും ലഭിച്ചിരുന്നത് പനമ്പൂർ വഴി നടന്നിരുന്ന കൽക്കരി, വളം, പെട്രോളിയം ചരക്കുനീക്കങ്ങളിൽ നിന്നായിരുന്നു. മംഗളൂരു സെൻട്രൽ, മംഗളൂരു ജങ്ഷൻ സ്റ്റേഷനുകൾ കൈവിട്ടുപോകുന്നത് ടിക്കറ്റ് വരുമാനത്തെയും സാരമായി ബാധിക്കും.
യാത്രാദുരിതവും ഭരണപരമായ പ്രതിസന്ധിയും രൂക്ഷമാകും
തീരുമാനം നടപ്പിലായാൽ മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് കേരളത്തിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകളുടെ പൂർണ നിയന്ത്രണം മൈസൂരു ഡിവിഷന്റെ കൈകളിലാകും. കണ്ണൂരിലും കോഴിക്കോട്ടും യാത്ര അവസാനിപ്പിക്കുന്ന ട്രെയിനുകൾ മംഗളൂരുവിലേക്ക് നീട്ടണമെങ്കിൽ ഇനി മൈസൂരു ഡിവിഷന്റെ അനുമതി നിർബന്ധമാണ്. കൂടാതെ, എമർജൻസി ക്വാട്ട ടിക്കറ്റുകൾ ലഭ്യമാകുന്നതിനടക്കം മലബാറിലെ യാത്രക്കാർ ഇനി മൈസൂരു ഡിവിഷനെ ആശ്രയിക്കേണ്ടി വരും. സാമ്പത്തിക നഷ്ടവും ഭരണപരമായ അധികാരപരിധിയും നഷ്ടപ്പെടുന്നത് പാലക്കാട് ഡിവിഷന്റെ നിലനിൽപ്പിനെത്തന്നെ കടുത്ത പ്രതിസന്ധിയിലാക്കും.
