പശ്ചിമേഷ്യയ്ക്ക് മുകളിൽ പറക്കുന്ന നിഗൂഢ ഗോളം, സമുദ്രത്തിൽ കണ്ടത് ഞെട്ടിക്കും പ്രതിഭാസം! പുതിയ ദൃശ്യങ്ങൾ പുറത്ത്

വാഷിങ്റ്റൺ: പശ്ചിമേഷ്യൻ ആകാശത്ത് അതിവേഗത്തിൽ സഞ്ചരിക്കുന്ന അജ്ഞാത ഗോളങ്ങളുടെയും സമുദ്രത്തിന് മുകളിൽ പ്രത്യക്ഷപ്പെട്ട് അപ്രത്യക്ഷമാകുന്ന കറുത്ത വസ്തുക്കളുടെയും പുതിയ ദൃശ്യങ്ങളും രേഖകളും യു.എസ് പ്രതിരോധ ആസ്ഥാനമായ പെന്റഗൺ പുറത്തുവിട്ടു. യു.എഫ്.ഒ (അൺഐഡന്റിഫൈഡ് ഫ്ലൈയിങ് ഒബ്ജക്ട്) അഥവാ യു.എ.പി (അൺഐഡന്റിഫൈഡ് അനോമലസ് ഫിനോമിന) സംബന്ധിച്ച പെന്റഗൺ വർഗ്ഗീകരണത്തിലെ അഞ്ചാം ഘട്ട രേഖകളാണ് ഇപ്പോൾ പരസ്യമാക്കിയത്.
12-ലധികം വീഡിയോ ദൃശ്യങ്ങൾ, മൂന്ന് ചിത്രങ്ങൾ, വിവിധ പി.ഡി.എഫ് റിപ്പോർട്ടുകൾ എന്നിവയുൾപ്പെടെ 41 പുതിയ ഫയലുകളാണ് ഇത്തവണ പുറത്തുവിട്ടിട്ടുള്ളത്. 1953 ലെ ചരിത്രരേഖകൾ മുതൽ ഈ വർഷം തയ്യാറാക്കിയ പഠനങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ച എക്സിക്യൂട്ടീവ് ഉത്തരവിനെ തുടർന്ന് ഘട്ടംഘട്ടമായാണ് വിവരങ്ങൾ പരസ്യപ്പെടുത്തുന്നത്. മേയ് എട്ടിന് പുറത്തുവിട്ട 161 ഫയലുകളുടെ തുടർച്ചയാണിത്.
ഒമാൻ ഉൾക്കടലിലെയും പശ്ചിമേഷ്യയിലെയും ദൃശ്യങ്ങൾ
പുതിയ ശേഖരത്തിൽ ഏറ്റവും ശ്രദ്ധേയം 2021-ൽ ഒമാൻ ഉൾക്കടലിന് മുകളിൽ പകർത്തിയ വീഡിയോയാണ്. ‘കോൾഡ് ഓർബ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന, ക്രമരഹിതമായ പാതയിൽ അതിവേഗം പറക്കുന്ന ഒരു ഇരുണ്ട വസ്തുവാണ് ഇതിലുള്ളത്. ഒറ്റനോട്ടത്തിൽ ക്യാമറയ്ക്ക് മുന്നിലൂടെ പറക്കുന്ന കീടമാണെന്ന് തോന്നാമെങ്കിലും, ശാസ്ത്രീയ അപഗ്രഥനത്തിൽ ഇതിന് ഏകദേശം 1.2 മീറ്റർ (4 അടി) വ്യാസമുണ്ടെന്ന് കണ്ടെത്തി.
2025-ൽ പശ്ചിമേഷ്യയിലെ ഒരു ജനവാസ മേഖലയ്ക്ക് മുകളിലൂടെ യു.എസ് സൈനിക സെൻസർ പകർത്തിയ മറ്റൊരു ദൃശ്യത്തിൽ വൃത്താകൃതിയിലുള്ള ഗോളം നേർരേഖയിൽ അതിവേഗം പറന്നുപോകുന്നതായി കാണാം. ആകാശം, കര, സമുദ്രം എന്നിവടങ്ങളിൽ കാണപ്പെടുന്ന ഇത്തരം അജ്ഞാത പ്രതിഭാസങ്ങളെയാണ് ശാസ്ത്രലോകം ‘യു.എ.പി’ എന്ന് വർഗ്ഗീകരിക്കുന്നത്.
പൈലറ്റുമാരുടെ അനുഭവങ്ങളും എഫ്.ബി.ഐ റിപ്പോർട്ടും
ഒരു എഫ്.ബി.ഐ രേഖയിൽ മുൻ സൈനിക പൈലറ്റ് തനിക്ക് ആകാശത്തുണ്ടായ വിചിത്ര അനുഭവം വെളിപ്പെടുത്തുന്നുണ്ട്. 2023 ഒക്ടോബറിൽ ബോസ്റ്റണിൽ നിന്ന് ഡബ്ലിനിലേക്കുള്ള വിമാന സർവീസിനിടെ ആകാശത്ത് അപൂർവ്വ പ്രകാശവലയങ്ങൾ കണ്ടതായാണ് അദ്ദേഹത്തിന്റെ സാക്ഷ്യപ്പെടുത്തൽ. പാതിരാത്രിക്കും പുലർച്ചയ്ക്കുമിടയിൽ നിരവധി പൈലറ്റുമാർ സമാന കാഴ്ചകൾ കണ്ടിട്ടുണ്ടെന്ന് രേഖ ചൂണ്ടിക്കാട്ടുന്നു. നിശ്ചലമായി നിൽക്കുകയും പെട്ടെന്ന് ദിശ മാറി സഞ്ചരിക്കുകയും ചെയ്യുന്ന പ്രകാശ സ്രോതസ്സുകളെക്കുറിച്ച് പത്തോളം തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സമുദ്രത്തിന് മുകളിലെ ദുരൂഹത
2019-ൽ ശാന്തസമുദ്രത്തിന് മുകളിൽ നിരീക്ഷിക്കപ്പെട്ട കറുത്ത ഗോളാകൃതിയിലുള്ള വസ്തുവിന്റെ ദൃശ്യങ്ങളും പുതിയ ഫയലുകളിലുണ്ട്. സൈനിക സെൻസർ സ്ക്രീനിൽ നിന്ന് നേരിട്ട് പകർത്തിയ ഈ വീഡിയോയിൽ, വസ്തു പെട്ടെന്ന് അപ്രത്യക്ഷമാകുന്നതും പിന്നീട് വീണ്ടും പ്രത്യക്ഷപ്പെട്ട് നീങ്ങുന്നതും വ്യക്തമാണ്.
നേരിട്ട് കണ്ട സൈനികരുടെ വിവരണങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ആർട്ടിസ്റ്റിക് ചിത്രീകരണങ്ങളും പെന്റഗൺ പുറത്തുവിട്ടിട്ടുണ്ട്. 2011-ൽ രണ്ടു സൈനികർ കണ്ട മൂന്ന് കോണുകളിലും പ്രകാശമുള്ള വലിയ ത്രികോണാകൃതിയിലുള്ള വസ്തുവിന്റെ ചിത്രവും ഇതിൽ ഉൾപ്പെടുന്നു. വിഷയത്തിൽ സുതാര്യത ഉറപ്പാക്കുമെന്നും വരും ദിവസങ്ങളിൽ കൂടുതൽ രേഖകൾ പുറത്തുവിടുമെന്നും പെന്റഗൺ വക്താവ് ഷോൺ പാർനെൽ വ്യക്തമാക്കി.
