പരീക്ഷാ തട്ടിപ്പിൽ കുറ്റവാളികൾക്ക് കഠിനശിക്ഷ ഉറപ്പാക്കും; ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിലും ചോദ്യപേപ്പർ ചോർച്ചയിലും രാജ്യത്തുടനീളം പ്രതിഷേധം ആഞ്ഞടിക്കുന്നതിനിടയിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേസിൽ കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമമായ ‘എക്സി’ലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
യുവാക്കളുടെ ഭാവിയേക്കാളും ക്ഷേമത്തേക്കാളും വലുതായി ഒന്നുമില്ലെന്ന് കുറിച്ച അദ്ദേഹം, വിദ്യാർഥികളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും കൂട്ടിച്ചേർത്തു. പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകൾ വേഗത്തിൽ വിചാരണ നടത്തി കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുകയാണ് ഫാസ്റ്റ് ട്രാക്ക് കോടതികൾ വഴി ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് അടിയന്തര നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. യുവാക്കളുടെ ഭാവി വച്ച് കളിക്കുന്നവരെ വെറുതെ വിടില്ലെന്നും മോദി വ്യക്തമാക്കി.
അതേസമയം, ചോദ്യപേപ്പർ ചോർച്ചയിൽ പാർലമെന്റ് സ്തംഭിക്കുകയും തലസ്ഥാനത്ത് വിദ്യാർഥി പ്രതിഷേധം കൂടുതൽ ശക്തമാകുകയും ചെയ്യുകയാണ്. പൊലീസ് നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ടെങ്കിലും ജന്തർമന്തറിൽ വിദ്യാർഥികൾ നടത്തുന്ന സമരം തുടരുകയാണ്. രാജ്യത്തെ പ്രമുഖ സർവകലാശാലകളിലേക്കും വിവി സംഘടനകളുടെ നേതൃത്വത്തിൽ സമരം പടർന്നിട്ടുണ്ട്.
