നിങ്ങള്‍ക്ക് എന്നെക്കുറിച്ച് എന്തറിയാം, എന്റെ സോഷ്യല്‍ മീഡിയ, എന്ത് പോസ്റ്റ് ചെയ്യണമെന്ന് ഞാന്‍ തീരുമാനിക്കും; മറുപടിയുമായി അനുപമ

കൊച്ചി: സാമൂഹികമാധ്യമങ്ങളിലെ തന്റെ പോസ്റ്റുകളെയും വ്യക്തിജീവിതത്തെയും ചുറ്റിപ്പറ്റി നടക്കുന്ന ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും കര്‍ശന മറുപടിയുമായി നടി അനുപമ പരമേശ്വരന്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ എന്തുപോസ്റ്റ് ചെയ്യണമെന്ന് താനാണ് തീരുമാനിക്കുന്നതെന്നും, അതില്‍ മറ്റാരും ഇടപെടേണ്ടതില്ലെന്നും താരം വ്യക്തമാക്കി. പുതിയ തെലുങ്ക് ചിത്രമായ ‘ക്രേസി കല്യാണം’ എന്ന സിനിമയുടെ ടീസര്‍ ലോഞ്ചിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരുമായുള്ള സംവാദത്തിനിടെയാണ് അനുപമയുടെ പ്രതികരണം.
കഴിഞ്ഞ ദിവസങ്ങളില്‍ അനുപമ പങ്കുവെച്ച ചില ഇന്‍സ്റ്റഗ്രാം പോസ്റ്റുകളും ചില മീമുകള്‍ക്ക് താഴെ കുറിച്ച കമന്റുകളുമാണ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. തെന്നിന്ത്യന്‍ യുവനടന് ധ്രുവ് വിക്രമുമായി താരം പ്രണയത്തിലായിരുന്നുവെന്നും, പിന്നീട് ഇരുവരും തമ്മില്‍ പിരിഞ്ഞുവെന്നും, അനുപമ അദ്ദേഹത്തെ സോഷ്യല്‍ മീഡിയയില്‍ അണ്‍ഫോളോ ചെയ്തുവെന്നുമൊക്കെയുള്ള അഭ്യൂഹങ്ങളാണ് പ്രചരിച്ചിരുന്നത്. ഇതിനെ ചുറ്റിപ്പറ്റി മാധ്യമപ്രവര്‍ത്തകരില്‍ നിന്നും രണ്ടുതവണ ചോദ്യങ്ങളുയര്‍ന്നപ്പോഴാണ് താരം നിലപാട് വ്യക്തമാക്കിയത്.
“എന്റെ സോഷ്യല്‍ മീഡിയ, എന്ത് പോസ്റ്റ് ചെയ്യണമെന്ന് ഞാന്‍ തീരുമാനിക്കും. ഒരു സ്ത്രീയുടെ പരിവര്ത്തനത്തെക്കുറിച്ചായിരുന്നു ഞാന്‍ സംസാരിച്ചത്. ഞാനത് ചെയ്തു എന്നതില്‍ എനിക്ക് അഭിമാനമുണ്ട്” എന്ന് അനുപമ വ്യക്തമാക്കി. പോസ്റ്റുകള്‍ മറ്റൊരാളെ കുറ്റപ്പെടുത്തുന്നതുപോലെയല്ലേ എന്ന അടുത്ത ചോദ്യത്തിന്, “നിങ്ങള്‍ക്ക് എന്നെക്കുറിച്ചും എന്റെ ജീവിതത്തെക്കുറിച്ചും എന്തറിയാം?” എന്നായിരുന്നു താരത്തിന്റെ മറുചോദ്യം. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ എനിക്കിഷ്ടമുളളത് പോസ്റ്റ് ചെയ്യുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ സമാനമായ ചോദ്യമുയര്‍ന്നപ്പോള്‍ താന്‍ ഇപ്പോള്‍ അതീവ സന്തോഷവതിയാണെന്ന് അനുപമ വ്യക്തമാക്കിയിരുന്നു. എങ്കിലും, കഴിഞ്ഞ ഒരു വര്‍ഷം തന്റെ ജീവിതത്തില്‍ വളരെ കഠിനമായിരുന്നുവെന്നും നടി തുറന്നുപറഞ്ഞു. അനുപമ നായികയാവുന്ന പുതിയ ചിത്രമായ ‘ക്രേസി കല്യാണം’ റിലീസിനൊരുങ്ങുന്ന വേളയിലാണ് ഈ സംഭവവികാസങ്ങള്‍.
