ദേവി ശ്രീ പ്രസാദിന്റെ ‘യെല്ലമ്മ’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

ഹൈദരാബാദ്: ഇന്ത്യൻ സിനിമാ ലോകത്ത് തന്റേതായ സംഗീതമുദ്ര പതിപ്പിച്ച ദേവി ശ്രീ പ്രസാദ് (DSP) ആദ്യമായി പ്രധാന വേഷത്തിലെത്തുന്ന ‘യെല്ലമ്മ’ എന്ന ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷൻ പോസ്റ്ററും പുറത്തിറങ്ങി. താരത്തിന്റെ പിറന്നാൾ ദിനത്തിലാണ് അണിയറപ്രവർത്തകർ പോസ്റ്റർ പുറത്തുവിട്ടത്. ‘പാർഷി’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഡി.എസ്.പി അവതരിപ്പിക്കുന്നത്.
വമ്പൻ മാസ് ചിത്രങ്ങളുടെയും ഗ്രാഫിക്സ് ദൃശ്യങ്ങളുടെയും കാലത്ത് ഏറെ ലളിതവും ഹൃദയസ്പർശിയുമായ പ്രമേയവുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. കൈയിൽ ഒരു കിരീടവുമായി സാധാരണക്കാരന്റെ വേഷത്തിൽ നിൽക്കുന്ന ദേവി ശ്രീ പ്രസാദിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. കഥാപാത്രത്തിന്റെ നിഷ്കളങ്കതയും സ്വാഭാവികതയും വ്യക്തമാക്കുന്നതാണ് പോസ്റ്ററിലെ ലുക്ക്.
‘ബലഗം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വേണു യെൽദണ്ടി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആദ്യ ചിത്രത്തിലൂടെത്തന്നെ അഭിനയരംഗത്ത് ഡി.എസ്.പി പുലർത്തിയ സ്വാഭാവികത സംവിധായകന്റെ മികവിന് തെളിവാണ്. ചിത്രത്തിന് സംഗീതം പകരുന്നതും ദേവി ശ്രീ പ്രസാദ് തന്നെയാണ്. മോഷൻ പോസ്റ്ററിലെ പശ്ചാത്തല സംഗീതം ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിട്ടുണ്ട്.
ദിൽ രാജുവിന്റെ ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. പ്രഖ്യാപനം മുതൽ വാർത്തകളിൽ ഇടംനേടിയ ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ-ഇന്ത്യൻ തലത്തിലാണ് തീയേറ്ററുകളിലെത്തുക. പി.ആർ.ഒ: പ്രതീഷ് ശേഖർ.
