ഡൂംസ്ഡേ: ഭൂമിയിൽ മനുഷ്യായുസ്സ് ഇനിയെത്ര നാൾ? ശാസ്ത്രലോകത്തെ അസ്വസ്ഥമാക്കി വീണ്ടും ‘ലോകാവസാന വാദം’ സജീവം

ഭൂമിയിൽ മനുഷ്യരാശി ഇനി എത്രകാലം കൂടി ജീവിച്ചിരിക്കും എന്നതിനെക്കുറിച്ചുള്ള ഒരു ഗണിതശാസ്ത്ര വാദം വീണ്ടും ലോകമെങ്ങും ചർച്ചയാവുകയാണ്. ‘എപ്പോഴായിരിക്കും മനുഷ്യവർഗ്ഗം ഭൂമിയിൽ നിന്ന് ഇല്ലാതാവുക?’ എന്ന ശാസ്ത്രജ്ഞരെയും ചിന്തകരെയും ഒരുപോലെ കുഴക്കുന്ന ചോദ്യമാണ് വീണ്ടും ഉയർന്നുവന്നത്. ബ്രിട്ടീഷ് മാധ്യമമായ ‘ദി മെട്രോ’ പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ് ‘ഡൂംസ്ഡേ ആർഗ്യുമെന്റ്’ (Doomsday Argument – ലോകാവസാന വാദം) എന്ന ആശയത്തിലേക്ക് വീണ്ടും ജനശ്രദ്ധ തിരിച്ചത്. മനുഷ്യചരിത്രത്തെ അടിസ്ഥാനമാക്കി നോക്കിയാൽ, നമ്മൾ കരുതുന്നതിലും വളരെ വേഗത്തിൽ മനുഷ്യ വംശനാശം സംഭവിച്ചേക്കാം എന്നാണ് ഈ സിദ്ധാന്തം പറയുന്നത്. പതിറ്റാണ്ടുകളായി നിലവിലുള്ള ഈ വിഷയം ശാസ്ത്രജ്ഞർക്കിടയിൽ ഇപ്പോഴും കടുത്ത തർക്കങ്ങൾക്ക് കാരണമാകുന്നു.
എന്താണ് ഈ ‘ലോകാവസാന വാദം’?
പ്രപഞ്ചത്തിലോ ചരിത്രത്തിലോ മനുഷ്യർക്ക് മാത്രമായി സവിശേഷമായ ഒരു സ്ഥാനവുമില്ലെന്ന് പറയുന്ന ‘ദി കോപ്പർനിക്കൻ പ്രിൻസിപ്പിൾ’ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ബ്രാൻഡൻ കാർട്ടർ എന്ന ശാസ്ത്രജ്ഞൻ ആദ്യമായി അവതരിപ്പിക്കുകയും പിന്നീട് ജെ. റിച്ചാർഡ് ഗോട്ട് വികസിപ്പിക്കുകയും ചെയ്ത ഈ വാദം, വരാനിരിക്കുന്ന ഏതെങ്കിലും പ്രത്യേക ദുരന്തത്തെക്കുറിച്ച് പ്രവചിക്കുന്നില്ല. പകരം, ഇതൊരു കണക്കുകൂട്ടൽ മാത്രമാണ്.
