ടിവികെയ്ക്ക് തിരിച്ചടി; ഉപതെരഞ്ഞെടുപ്പുകൾ ഉടൻ നടത്തില്ലെന്ന് മദ്രാസ് ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ചെന്നൈ: ഉപതിരഞ്ഞെടുപ്പുകൾ ഉടൻ നടത്തില്ലെന്ന് മദ്രാസ് ഹൈക്കോടതിയെ അറിയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. തിരഞ്ഞെടുപ്പ് ഹർജികളിൽ അന്തിമ വിധി വരാതെ ഉപതിരഞ്ഞെടുപ്പ് നടത്താനാകില്ലെന്നാണ് കമ്മീഷൻ വ്യക്തമാക്കിയത്. 1967ലെ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് കമ്മീഷൻ നിലപാട് വ്യക്തമാക്കിയത്.
തിരുനെൽവേലി സ്വദേശി സമർപ്പിച്ച ഹർജിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് വ്യക്തമാക്കിയത്. കമ്മീഷന്റെ ഈ തീരുമാനത്തോടെ വിജയ് എം.എൽ.എ സ്ഥാനം ഒഴിഞ്ഞ തിരുച്ചി ഈസ്റ്റ് ഉൾപ്പെടെ അഞ്ച് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് വൈകും. തനിച്ച് കേവലഭൂരിപക്ഷം ഉറപ്പിക്കാൻ കാത്തിരിക്കുന്ന തമിഴക വെട്രി കഴകത്തിന് (ടി.വി.കെ) കമ്മീഷന്റെ നിലപാട് തിരിച്ചടിയായിട്ടുണ്ട്. കേസിൽ സെപ്റ്റംബർ എട്ടിന് മദ്രാസ് ഹൈക്കോടതി വീണ്ടും വാദം കേൾക്കും.
