ജന്തർ മന്തറിൽ ആക്രമണത്തിന് പദ്ധതിയിട്ട പാക് പിന്തുണയുള്ള ഭീകര ശൃംഖല തകർത്തു

അമൃത്സർ: ഡൽഹിയിലെ ജന്തർ മന്ദർ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പാക് പിന്തുണയുള്ള ഭീകര ശൃംഖല പഞ്ചാബ് പൊലീസ് തകർത്തു. പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐയുടെ ഒത്താശയോടെ പ്രവർത്തിച്ച രണ്ട് പ്രത്യേക സംഘങ്ങളെയാണ് അമൃത്സർ കമ്മീഷണറേറ്റ് പൊലീസ് പിടികൂടിയത്. നാല് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായും ഇവരിൽ നിന്ന് മൂന്ന് പിസ്റ്റളുകളും ഒമ്പത് കാട്രിഡ്ജുകളും നാല് പെട്രോൾ ബോംബുകളും പിടിച്ചെടുത്തതായും പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് അറിയിച്ചു. കനത്ത സുരക്ഷ കാരണം ജന്തർ മന്ദറിൽ ആക്രമണം നടത്താൻ ഇവർക്ക് സാധിച്ചിരുന്നില്ല. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐഎസ്ഐ ഹാൻഡലർമാരാണ് പ്രാദേശിക യുവാക്കളെ ഭീകരവാദ പ്രവർത്തനങ്ങളിലേക്ക് റിക്രൂട്ട് ചെയ്തത്. കഴിഞ്ഞ മാസം റെയിൽവേ ട്രാക്കുകൾക്ക് സമീപം സംശയാസ്പദമായ രീതിയിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് രണ്ടാമത്തെ സംഘത്തിലേക്ക് പൊലീസിനെ എത്തിച്ചത്. ഈ ക്യാമറകളിലെ ദൃശ്യങ്ങൾ വിദേശത്തുള്ള ഹാൻഡലർമാർക്ക് കൈമാറിയിരുന്നതായും, അമൃത്സർ സെൻട്രൽ ജയിലിൽ കഴിയുന്ന ചില പ്രതികളുടെ സഹായത്തോടെയാണ് ഇതിനുള്ള സാമ്പത്തിക ഇടപാടുകൾ നടന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
