കാട്ടുതീ അണയ്ക്കാനായി എത്തി, പ്രൊപ്പല്ലറുകൾ കൂട്ടിയിടിച്ച് അഗ്നിഗോളമായി ഹെലികോപ്ടറുകൾ, ഗ്രീസിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

ഏതൻസ്: ഗ്രീസിൽ പടർന്നുപിടിച്ച കാട്ടുതീ അണയ്ക്കുന്നതിനിടെ രണ്ട് ഹെലികോപ്ടറുകൾ കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഡെൻമാർക്ക് സ്വദേശിയായ പൈലറ്റും ഗ്രീക്ക് ഫയർഫോഴ്സ് ഉദ്യോഗസ്ഥനുമാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബ്രിട്ടീഷ് പൈലറ്റിനെയും മറ്റൊരു അഗ്നിരക്ഷാ സേനാംഗത്തെയും തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഏതൻസിൽ നിന്ന് 65 കിലോമീറ്റർ അകലെ അട്ടിക്കാ-ബോയേട്ടിക്ക അതിർത്തിയിലാണ് ദാരുണമായ സംഭവം. തീയണയ്ക്കുന്നതിനിടെ ബെൽ ഹെലികോപ്ടറുകളുടെ പ്രൊപ്പല്ലറുകൾ തമ്മിൽ കൂട്ടിയിടിച്ച് കുരുങ്ങുകയും, നിമിഷങ്ങൾക്കകം അഗ്നിഗോളമായി നിലംപതിക്കുകയുമായിരുന്നു. ഓസ്ട്രേലിയൻ കമ്പനിയായ ‘മക്ഡെർമോട്ട് ഏവിയേഷനിൽ’ നിന്ന് ഗ്രീസ് സർക്കാർ ലീസിനെടുത്ത ഹെലികോപ്ടറുകളാണ് അപകടത്തിൽപ്പെട്ടത്.
ദുരന്തത്തിൽ ഗ്രീക്ക് പ്രധാനമന്ത്രി ആഴത്തിലുള്ള ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ആഴ്ച ആരംഭിച്ച രൂക്ഷമായ കാട്ടുതീയെ തുടർന്ന് ആയിരക്കണക്കിന് ആളുകളെയാണ് പ്രദേശത്തുനിന്ന് ഒഴിപ്പിച്ചത്. ഇതോടെ രാജ്യത്ത് കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു.
