ഓ സുകുമാരി സ്ട്രീമിംഗ് ആരംഭിച്ചു

യുവതാരം തിരു വീറും ഐശ്വര്യ രാജേഷും പ്രധാന വേഷങ്ങളിലെത്തിയ ഫാന്റസി റൊമാന്റിക് കോമഡി ചിത്രം ‘ഓ സുകുമാരി’ ഒ.ടി.ടിയിൽ എത്തി. ആഗോളതലത്തിൽ തിയേറ്ററുകളിലെത്തി മികച്ച വിജയം നേടിയ ചിത്രം ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ഇപ്പോൾ സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.
നവാഗതനായ ഭരത് ദർശൻ രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം ഗംഗ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ മഹേശ്വര റെഡ്ഡി മൂലിയാണ് നിർമ്മിച്ചിരിക്കുന്നത്. ഗംഗ എന്റർടൈൻമെന്റ്സ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ഗ്രാമീണ പശ്ചാത്തലത്തിൽ കോമഡിയും പ്രണയവും ഫാന്റസി ഘടകങ്ങളും സമന്വയിപ്പിച്ച് ഒരുക്കിയ ഒരു പക്കാ ഫാമിലി എന്റർടെയ്നറാണ് ‘ഓ സുകുമാരി’.
തിരുവീർ അവതരിപ്പിക്കുന്ന ‘യാദഗിരി’, ഐശ്വര്യ രാജേഷ് അവതരിപ്പിക്കുന്ന ‘ദാമിനി’ എന്നീ കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. റിലീസിന് മുന്നോടിയായി പുറത്തുവന്ന ചിത്രത്തിലെ ടൈറ്റിൽ ഗാനവും വെഡ്ഡിംഗ് ആന്തവും സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയിരുന്നു.
‘പ്രീ വെഡ്ഡിംഗ് ഷോ’ എന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം തിരു വീർ നായകനായെത്തുന്ന ചിത്രമാണിത്. സൂപ്പർ ഹിറ്റ് ചിത്രം ‘സംക്രാന്തികി വാസ്തുന’ത്തിന് ശേഷം ഐശ്വര്യ രാജേഷ് തെലുങ്കിൽ നായികയായി തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മുൻപ് പ്രേക്ഷക-നിരൂപക പ്രശംസ നേടിയ ‘ശിവം ഭാജെ’ക്ക് ശേഷം ഗംഗ എന്റർടൈൻമെന്റ്സ് തിയേറ്ററുകളിലെത്തിച്ച ചിത്രമായിരുന്നു ഇത്.
മുരളിധർ ഗൗഡ്, വിഷ്ണു ഓയി (മാഡ് ഫെയിം), ഝാൻസി, അമാനി, ആനന്ദ്കോട്ട ജയറാം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സി.എച്ച്. കുശേന്ദർ ഛായാഗ്രഹണവും ഭരത് മഞ്ചിരാജു സംഗീത സംവിധാനവും നിർവ്വഹിച്ചിരിക്കുന്നു. എഡിറ്റിങ്: ശ്രീ വരപ്രസാദ്, കലാസംവിധാനം: തിരുമല എം. തിരുപ്പതി, കോസ്റ്റ്യൂം ഡിസൈൻ: അനു റെഡ്ഡി അക്കാട്ടി, ഗാനരചന: പൂർണാചാരി, ആക്ഷൻ: വിംഗ് ചുൻ അഞ്ചി, നൃത്തസംവിധാനം: ജെ.ഡി. മാസ്റ്റർ. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം ഒ.ടി.ടിയിൽ ലഭ്യമാക്കിയിരിക്കുന്നത്.
