എറണാകുളത്ത് വീടിനുള്ളിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം

കൊച്ചി: എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ അപ്പാര്‍ട്ട്മെന്റില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമം. സൗത്ത് സ്റ്റാര്‍ അപ്പാര്‍ട്ട്മെന്റില്‍ ഇന്ന് പുലര്‍ച്ചെ 4.15ഓടെയായിരുന്നു സംഭവം. അഞ്ച് പെണ്‍കുട്ടികള്‍ മാത്രമായി താമസിക്കുന്ന ഫ്ലാറ്റിലേക്കാണ് പുറത്തുനിന്ന് എത്തിയ ആള് അതിക്രമിച്ച് കടന്നത്.
പെണ്‍കുട്ടികളുടെ മുറിയിലേക്ക് കടന്നുവന്ന അക്രമിയുടെ സാന്നിധ്യം ശബ്ദം കേട്ട് ഉണര്‍ന്ന പെണ്‍കുട്ടിയാണ് ആദ്യം തിരിച്ചറിഞ്ഞത്. തങ്ങളെ കണ്ടുവെന്ന് വ്യക്തമായതോടെ ഇയാള്‍ പെട്ടെന്ന് ബാൽക്കണി വഴി താഴേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ അതിക്രമിച്ച് കയറിയ ഭാഗത്ത് രക്തക്കറകള്‍ കണ്ടെത്തിയതായി പെണ്‍കുട്ടി നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.
സംഭവത്തില്‍ പെണ്‍കുട്ടികളുടെ പരാതിയെത്തുടര്‍ന്ന് കടവന്ത്ര പൊലീസ് അടിയന്തര അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്.
അപ്പാര്‍ട്ട്മെന്റിന്റെ മുന്‍വശത്തെ വാതില്‍ ഭദ്രമായി അടഞ്ഞുകിടന്നിട്ടും പ്രതി എങ്ങനെ അകത്തുകടന്നു എന്നതില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ട്. സംഭവത്തിന് പിന്നില്‍ പരിസരവാസികളുടെയോ അടുത്തറിയുന്നവരുടെയോ സഹായമുണ്ടോയെന്ന കോണിലും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
