‘എന്റെ വിധി മാറ്റിമറിച്ച ദിവസം’; ‘മലർവാടി ആർട്സ് ക്ലബ്ബി’ന്റെ ഓർമ്മകൾ പങ്കുവെച്ച് സിജു വിൽസൺ

മലയാളികൾക്ക് ഏറെ സുപരിചിതനാണ് നടൻ സിജു വിൽസൺ. വിനീത് ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയായിരുന്നു സിജു സിനിമയിലേക്കെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള വൈകാരികമായ ഓർമകൾ പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം.
ജൂലൈ 16 തന്റെ ജീവിതം തന്നെ മാറ്റിമറിച്ച ദിവസമാണെന്നും തനിക്ക് മുൻപിൽ വലിയ സ്വപ്നങ്ങളുടെ വാതിലുകൾ തുറന്നിട്ടത് ഈ ചിത്രമാണെന്നും സിജു വില്സണ് സോഷ്യൽ മീഡിയയിൽ കുറിച്ചു. സിനിമയിലെ തന്റെ ഭാഗങ്ങൾ ഉൾപ്പെടുന്ന വീഡിയോ ക്ലിപ്പ് പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്.
“ജൂലൈ 16-ന് എനിക്ക് എല്ലാം മാറിമറിഞ്ഞു. ഞാൻ സ്വപ്നം കാണാൻ മാത്രം ധൈര്യപ്പെട്ട വാതിലുകൾ തുറന്നുതന്ന, ഒരിക്കലും മറക്കാനാവാത്ത ഒരു ദിവസം. മലർവാടി ആർട്സ് ക്ലബ്ബിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ വലിയൊരു സ്വപ്നവുമായി നടന്ന ഒരു ചെറുപ്പക്കാരൻ ആദ്യമായി വലിയ സ്ക്രീനിൽ തന്റെ മുഖം കണ്ട ആ നിമിഷം ഞാൻ ഓർക്കുന്നു. അതൊരു ജോലി മാത്രമായിരുന്നില്ല; എന്റെ ജീവിതം രക്ഷിക്കപ്പെട്ടതും എന്റെ വിധി എന്നെന്നേക്കുമായി മാറ്റിമറിക്കപ്പെട്ടതുമായ ദിവസമായിരുന്നു അത്.
എന്നിലെ കഴിവ് തിരിച്ചറിഞ്ഞ സംവിധായകർക്കും, ഒപ്പം നിന്ന അണിയറപ്രവർത്തകർക്കും, എന്റെ പാഷൻ നിലനിർത്തുന്ന നിരുപാധികമായ സ്നേഹം നൽകുന്ന പ്രിയപ്പെട്ട പ്രേക്ഷകർക്കും ഞാൻ അങ്ങേയറ്റം നന്ദി പറയുന്നു. ഇതൊരു തുടക്കം മാത്രമാണ് ഇനിയുമേറെ മുന്നോട്ട് പോകാനുണ്ട്. ഈ ആവേശകരമായ യാത്രയിൽ എന്നോടൊപ്പം ചേരുക, നമുക്ക് ഒരുമിച്ച് മുന്നേറാം. നന്ദി,” സിജു വിൽസൺ കുറിച്ചു.
