‘എന്റെ വലം കൈയായിരുന്നവൻ, എന്റെ കളിക്കൂട്ടുകാരൻ’; കലാഭവൻ നവാസിന്റെ ഓർമകളിൽ സഹോദരൻ നിയാസ് ബക്കർ

കൊച്ചി: വേർപാടിന്റെ ഒരു വർഷം തികയുമ്പോൾ പ്രിയ അനുജനും കലാകാരനുമായ കലാഭവൻ നവാസിന്റെ ഓർമകളിൽ വിതുമ്പി സഹോദരൻ നിയാസ് ബക്കർ. ഫേസ്ബുക്കിലൂടെ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പിലാണ് നിയാസ് തങ്ങളുടെ ബന്ധത്തിന്റെ തീവ്രതയെക്കുറിച്ചും വേർപാടിന്റെ വേദനയെക്കുറിച്ചും തുറന്നെഴുതിയത്.
തനിക്ക് നഷ്ടമായത് ഒരു അനുജനെ മാത്രമല്ലെന്നും രണ്ടു വയസ്സിന് മാത്രം വ്യത്യാസമുണ്ടായിരുന്ന പ്രിയപ്പെട്ട കളിക്കൂട്ടുകാരനെയും സഹപ്രവർത്തകനെയുമാണെന്ന് നിയാസ് കുറിച്ചു. “കുടുംബത്തിലെ ഏത് കാര്യത്തിലും തീരുമാനമെടുക്കാൻ എനിക്ക് ബലമായിരുന്ന നവാസ് എന്റെ വലംകൈ ആയിരുന്നു. മരണം സർവേശ്വരന്റെ സുനിശ്ചിതമായ തീരുമാനമാണ്, അതിനോട് പൊരുത്തപ്പെടുകയല്ലാതെ നമുക്ക് മറ്റു വഴികളില്ല,” നിയാസ് കുറിച്ചു.
ഉമ്മച്ചിയുമായുള്ള ബന്ധവും കൂടെപ്പിറപ്പുകളുടെ തീവ്രതയും സൂചിപ്പിക്കുന്ന വരികളും കുറിപ്പിലുണ്ട്. “ഉമ്മച്ചിയുടെ ശരീരത്തിൽ നിന്നും ഞങ്ങളെ വേർപ്പെടുത്തിയതിന്റെ അടയാളമായി ഞങ്ങളുടെ അടിവയറ്റിൽ ഒരു പൊക്കിൾകുഴി സർവശക്തൻ അടയാളപ്പെടുത്തിയിട്ടുണ്ട്. മണ്ണോടു ചേരും വരെ ആ അടയാളത്തിന്റെ അടിവേരുകൾ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിനിൽക്കും. ബന്ധത്തിന്റെ തീവ്രത തിരിച്ചറിയാൻ ഇതിലും വലിയൊരു അടയാളം വേറെയില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
മക്കൾ നഷ്ടപ്പെട്ട അമ്മമാർക്കും കൂടെപ്പിറപ്പുകൾ നഷ്ടപ്പെട്ട സഹോദരങ്ങൾക്കുമായി ഈ ആശ്വാസക്കുറിപ്പ് പങ്കുവെക്കുന്നതായി പറഞ്ഞ നിയാസ്, ഇന്നത്തെ പ്രാർത്ഥനകളിൽ നവാസിനെ പ്രത്യേകം ഓർക്കണമെന്നും അഭ്യർത്ഥിച്ചു.
കഴിഞ്ഞ വർഷമാണ് ‘പ്രകമ്പനം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ കലാഭവൻ നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമായിരുന്നു മരണകാരണം.
