‘ഈ ടോണിലാണ് വായിക്കേണ്ടത്, ഇത് ട്രാൻസ്ലേഷനല്ലേ’; പേളിയുടെ വിശദീകരണ വീഡിയോയ്ക്കും വിമർശനം

നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് വിവാദമായതിന് പിന്നാലെ നടിയും ഇൻഫ്ലുവൻസറുമായ പേളി മാണി നൽകിയ വിശദീകരണ വീഡിയോയ്ക്കെതിരെയും വ്യാപക വിമർശനം.
വിഷയത്തിൽ തനിക്കൊരു രാഷ്ട്രീയവുമില്ലെന്നും എല്ലാ പാർട്ടിയിലും സുഹൃത്തുക്കളുണ്ടെന്നും വ്യക്തമാക്കി നൽകിയ വിശദീകരണ വീഡിയോയാണ് വീണ്ടും ട്രോളുകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുന്നത്. താൻ മനസിൽ തട്ടി എഴുതിയ കാര്യങ്ങളെ നെഗറ്റീവായി വ്യാഖ്യാനിച്ചത് വിഷമമുണ്ടാക്കിയെന്നും മെച്ചപ്പെട്ട മനുഷ്യനാകാൻ ശ്രമിക്കുമെന്നുമായിരുന്നു പേളിയുടെ വീഡിയോ സന്ദേശം.
എന്നാൽ പേളിയുടെ നിലപാടിൽ ആത്മാർത്ഥതയില്ലെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ. വീഡിയോ സന്ദേശം പോലും നാടകീയമാണെന്നും പോയ ഫോളോവേഴ്സ് ഇനി തിരിച്ചുവരില്ലെന്നും നിരവധി പേർ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് കമന്റ് ബോക്സുകളിൽ കുറിച്ചു. പേളിയുടെ മാപ്പപേക്ഷയും മുൻ നിലപാടുകളും ട്രോളന്മാർ ഏറ്റെടുത്തിട്ടുണ്ട്. കുറിപ്പിലെ വരികൾ മാറി വായിച്ച് കാര്യങ്ങൾ വിവർത്തനം ചെയ്യുക മാത്രമാണ് താരം ചെയ്തതെന്നും, ഈ വിശദീകരണത്തിന് മറ്റൊരു വിശദീകരണം കൂടി നൽകേണ്ടി വരുമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
നേരത്തെ വൻ പ്രതിഷേധത്തിന് വഴിവെച്ച പോസ്റ്റ് പേളി സോഷ്യൽ മീഡിയ പേജുകളിൽ നിന്ന് പിൻവലിച്ചിരുന്നു. എങ്കിലും ഇൻഫ്ലുവൻസറുടെ നിഷ്പക്ഷ നിലപാടുകളിലെ വൈരുധ്യം ചൂണ്ടിക്കാണിച്ച് വൻതോതിലുള്ള വിമർശനങ്ങളാണ് ഇപ്പോഴും ഉയർന്നുകൊണ്ടിരിക്കുന്നത്.
