ഇ പി എഫ് ഒ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; മുന്നറിയിപ്പുമായി അധികൃതർ, ഓഗസ്റ്റ് 5-ന് ഇ-ഓഫീസ് സേവനങ്ങൾ ലഭ്യമാകില്ല

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന്റെ (EPFO) ഇ-ഓഫീസ് സേവനങ്ങൾ ഓഗസ്റ്റ് 5-ന് വൈകീട്ട് 6:00 മണി മുതൽ രാത്രി 9:30 വരെ തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ (NIC) നേതൃത്വത്തിൽ പ്ലാറ്റ്ഫോമിന്റെ സിസ്റ്റം നവീകരണ ജോലികൾ നടക്കുന്നതിന്റെ ഭാഗമായാണ് ഈ താൽക്കാലിക നിയന്ത്രണം. ഇ-ഫയൽ പതിപ്പ് 7.4.4-3, പോർട്ടൽ പതിപ്പ് 8.2.2 ഉൾപ്പെടെയുള്ള പ്രധാന പതിപ്പുകളാണ് ഈ ഘട്ടത്തിൽ അപ്ഡേറ്റ് ചെയ്യുന്നത്. ഈ സമയത്ത് ക്ലെയിമുകൾ സമർപ്പിക്കുന്നതിലും മറ്റ് ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുന്നതിലും തടസ്സങ്ങൾ നേരിടാം. നവീകരണം പൂർത്തിയായ ശേഷമുള്ള ആദ്യ രണ്ടാഴ്ചക്കാലം അധിക പരിശോധനകൾ ഉൾപ്പെടുത്തി ഘട്ടംഘട്ടമായാണ് അപേക്ഷകൾ പരിഗണിക്കുക എന്നതിനാൽ നടപടിക്രമങ്ങൾ സാധാരണയേക്കാൾ വൈകാൻ സാധ്യതയുണ്ട്. അതിനാൽ സേവനങ്ങൾ പൂർണ്ണമായും സാധാരണ നിലയിലാകുന്നത് വരെ അംഗങ്ങളും തൊഴിലുടമകളും സഹകരിക്കണമെന്നും, തിരക്കുള്ള സമയങ്ങളിൽ ഒരേ അപേക്ഷ പലതവണ സമർപ്പിക്കുന്നതും സേവനങ്ങൾ ആവർത്തിച്ച് ഉപയോഗിക്കുന്നതും ഒഴിവാക്കണമെന്നും EPFO അഭ്യർത്ഥിച്ചു. സേവനങ്ങൾ കൂടുതൽ വേഗത്തിലും സുരക്ഷിതവുമാക്കുകയാണ് ഈ നവീകരണത്തിന്റെ ലക്ഷ്യം.
