കമ്യൂണിസം ഒരു നാള് വിജയിക്കും’; ശോഭിത ധൂലിപാലയുടെ പഴയ വീഡിയോ സാമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

കൊച്ചി: തന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് നടി ശോഭിത ധൂലിപാല സംസാരിച്ച പഴയൊരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസത്തിലുള്ള വിശ്വാസവും തുറന്നുപറയുന്ന താരത്തിന്റെ വാക്കുകൾ വലിയ ചർച്ചയാവുകയാണ്.
ദുൽഖർ സൽമാൻ നായകനായ ‘കുറുപ്പ്’ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്കും സുപരിചിതയായ താരമാണ് ശോഭിത. സിനിമയിലെ അഭിനയത്തിന് പുറമെ തന്റെ തുറന്ന നിലപാടുകളിലൂടെയും താരം പലപ്പോഴും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്.
അവതാരകയുടെ ‘നിങ്ങളെക്കുറിച്ച് ആർക്കും അറിയാത്തൊരു രഹസ്യം പറയാമോ’ എന്ന ചോദ്യത്തിന് മറുപടി നൽകവെയാണ് ശോഭിത തന്റെ രാഷ്ട്രീയം വ്യക്തമാക്കിയത്. ‘എനിക്ക് വളരെ ശക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകളുണ്ട്. ഇടതുപക്ഷ ചിന്താഗതിയുള്ള ലിബറല്‍ ആണ് ഞാന്‍. ഒരു നാള് കമ്യൂണിസം വിജയിക്കും എന്നെനിക്ക് ഉറപ്പാണ്’– എന്നാണ് ശോഭിത അന്ന് വ്യക്തമാക്കിയത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വീണ്ടും എത്തിയതോടെ നടിയുടെ നിലപാടിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്.
2016ൽ അനുരാഗ് കശ്യപ് ചിത്രം ‘രമൺ രാഘവ് 2.0’യിലൂടെ കരിയർ ആരംഭിച്ച ശോഭിത, ഗീതു മോഹൻദാസ് സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം ‘മൂത്തോനിലൂടെ’ മലയാളത്തിലും തന്റെ സാന്നിധ്യമറിയിച്ചു. ‘കലാകാന്ധി’, ‘ഗുഡാചാരി’, ‘കുറുപ്പ്’, ‘പൊന്നിയിൻ സെൽവൻ’, ‘മങ്കി മാൻ’ തുടങ്ങിയ സിനിമകളിലൂടെയും ‘മെയ്ഡ് ഇന്‍ ഹെവന്‍’, ‘ബാര്‍ഡ് ഓഫ് ബ്ലഡ്’ തുടങ്ങിയ പ്രശസ്തമായ വെബ് സീരീസുകളിലൂടെയും ശ്രദ്ധേയയായ താരം, അടുത്തിടെ നടൻ നാഗ ചൈതന്യയുടെ ജീവിതപങ്കാളിയുമാണ്.
