ഇറാനിൽനിന്ന് എണ്ണ ഇറക്കുമതി: നാല് ഇന്ത്യൻ കമ്പനികൾക്ക് ഉപരോധമേർപ്പെടുത്തി അമേരിക്ക, മൂന്ന് ഇന്ത്യക്കാരും പട്ടികയിൽ

വാഷിങ്ടൺ: ഇറാനിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്ത നാല് ഇന്ത്യൻ കമ്പനികൾക്കും മൂന്ന് ഇന്ത്യൻ പൗരന്മാർക്കും ഉപരോധമേർപ്പെടുത്തി ട്രംപ് ഭരണകൂടം. ഇറാനെതിരായ സാമ്പത്തിക ഉപരോധത്തിന്റെ ഭാഗമായാണ് നടപടി.
ഇറാനുമായി 11.9 കോടി (119 മില്യൺ) ഡോളറിന്റെ എണ്ണ വ്യാപാരം നടത്തിയെന്നാണ് കമ്പനികൾക്കെതിരായ കണ്ടെത്തൽ. സദാശിവ ഓവർസീസ് ലിമിറ്റഡ്, പി.പി സോഫ്റ്റ്ടെക് പ്രൈവറ്റ് ലിമിറ്റഡ്, പ്രകൃതീസ് ഇൻഫ്രാ ഇംപെക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, പോർട്ടീസ് പാർട്ണേഴ്സ് എൽ.എൽ.പി എന്നിവയാണ് ഉപരോധം നേരിട്ട ഇന്ത്യൻ കമ്പനികൾ.
സദാശിവ ഓവർസീസ് ലിമിറ്റഡ് 2024 ഫെബ്രുവരിക്കും 2025 ജൂണിനുമിടയിൽ 6.9 കോടി ഡോളറിന്റെ എണ്ണ ഇറക്കുമതി ചെയ്തതായി യു.എസ് ട്രഷറി വ്യക്തമാക്കി. പി.പി സോഫ്റ്റ്ടെക്, പ്രകൃതീസ് ഇൻഫ്രാ ഇംപെക്സ് എന്നിവ 2.5 കോടി ഡോളറിന്റെ എണ്ണ വാങ്ങി. ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കസ്റ്റംസ് ബ്രോക്കിങ് കമ്പനിയായ പോർട്ടീസ് പാർട്ണേഴ്സ്, ഇറാനിയൻ എണ്ണ ഇന്ത്യയിലെത്തിക്കാൻ സൗകര്യമൊരുക്കിയതിനാണ് നടപടി നേരിട്ടത്.
പി.പി സോഫ്റ്റ്ടെക് ഡയറക്ടർ പ്രശാന്ത് ഘാർഗ്, പോർട്ടീസ് പാർട്ണർമാരായ അഷറഫിമിയ ഷെയ്ഖ്, ഹരീഷ് രാമചന്ദ്രരംഗി എന്നിവരാണ് ഉപരോധപ്പട്ടികയിലുള്ള ഇന്ത്യക്കാർ. ഇന്ത്യക്ക് പുറമെ ചൈന, ഹോങ്കോങ് എന്നിവിടങ്ങളിൽനിന്നുള്ള 20 കമ്പനികൾക്കെതിരെയും അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.
