ഇരട്ടക്കുട്ടികളുടെ അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് നടന് കവിന്; ആശംസകളുമായി താരങ്ങള്‍

ഇരട്ടക്കുട്ടികളുടെ അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് പ്രശസ്ത തമിഴ് നടൻ കവിൻ. തനിക്കും ഭാര്യ മോണിക്ക ഡേവിഡിനും ഒരു ആൺകുട്ടിയും പെൺകുട്ടിയുമാണ് ജനിച്ചിരിക്കുന്നത്. “ഞങ്ങളുടെ ജീവിതത്തിലേക്ക് ഇരട്ടി സന്തോഷം നൽകിയ ദൈവത്തിന് നന്ദി പറയുന്നു” എന്ന് കുറിച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് ഈ സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. 2023 ഓഗസ്റ്റിലായിരുന്നു കവിൻ തന്റെ സുഹൃത്തായ മോണിക്കയെ വിവാഹം കഴിച്ചത്. പുതിയ അതിഥികളെ വരവേറ്റ താരദമ്പതികൾക്ക് സംവിധായകൻ വിഘ്നേഷ് ശിവൻ, മഞ്ജിമ മോഹൻ, സനം ഷെട്ടി, അപർണ ദാസ് തുടങ്ങി ചലച്ചിത്ര രംഗത്തെ പ്രമുഖരും നിരവധിയായ ആരാധകരും ആശംസകൾ അറിയിച്ചു.
വിജയ് ടിവിയിലെ ‘കനാ കാണും കാലങ്ങൾ’ എന്ന പരമ്പരയിലൂടെ അഭിനയരംഗത്തെത്തിയ കവിൻ, 2017-ൽ ‘സത്രിയൻ’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തമിഴ് ‘ബിഗ് ബോസ്’ റിയാലിറ്റി ഷോയിലൂടെ വലിയ ജനപ്രീതി നേടി. ‘നട്പുന്നാ എന്നാനു തെരിയുമാ’ എന്ന ചിത്രത്തിലൂടെ നായകനിരയിലേക്കെത്തിയ കവിൻ, 2023-ൽ റിലീസ് ചെയ്ത ‘ഡാഡ’ എന്ന ചിത്രത്തിലൂടെയാണ് കരിയറിലെ വൻ വിജയം സ്വന്തമാക്കിയത്. ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്കൊപ്പം അഭിനയിക്കുന്ന റൊമാന്റിക് കോമഡി ചിത്രം ‘ഹായ്’ ആണ് താരത്തിന്റെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.
