ഇന്ത്യന്‍ ബിഗ് സ്ക്രീനില്‍ വരാനിരിക്കുന്ന വിസ്മയം; ‘വാരണാസി’ പ്രധാന ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാക്കി രാജമൗലി

ഇന്ത്യന്‍ സിനിമയുടെ ഗതി മാറ്റിയെഴുതിയ സംവിധായകൻ എസ്.എസ്. രാജമൗലിയുടെ പുതിയ ബിഗ് ബജറ്റ് ചിത്രമായ ‘വാരണാസി’യുടെ ചിത്രീകരണം അതിവേഗത്തില്‍ പുരോഗമിക്കുന്നു. ‘ബാഹുബലി’, ‘ആര്.ആര്.ആര്’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങള്‍ക്ക് ശേഷം രാജമൗലി ഒരുക്കുന്ന സിനിമയെന്ന നിലയില്‍ വലിയ പ്രതീക്ഷകളാണ് സിനിമാ ലോകത്തുള്ളത്. ചിത്രത്തിലെ പ്രധാനപ്പെട്ട സീക്വന്സുകളുടെയെല്ലാം ഷൂട്ടിങ് ഇതിനകം പൂർത്തിയായതായും, ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിലാണ് അടുത്ത ഷെഡ്യൂള്‍ ആരംഭിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വരുന്ന ഒക്ടോബര്‍ മാസത്തോടെ ചിത്രത്തിന്റെ മുഴുവൻ ഷെഡ്യൂളുകളും പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പേര് സൂചിപ്പിക്കുന്നത് പോലെ വാരണാസി നഗരത്തിന്റെ പശ്ചാത്തലത്തില്‍ മിത്തോളജിക്കല്‍ ആക്ഷന്‍ അഡ്വഞ്ചര്‍ വിഭാഗത്തിലാണ് ചിത്രം ഒരുങ്ങുന്നത്. നഗരത്തിന് ഭീഷണിയായി എത്തുന്ന ഒരു ഭീമന് ഛിന്നഗ്രഹവും അതിനെ പ്രതിരോധിക്കുന്നതുമാണ് പ്രധാന പ്ലോട്ട്. ചിത്രത്തില്‍ ശിവഭക്തനായ ‘രുദ്ര’ എന്ന കഥാപാത്രത്തെയാണ് സൂപ്പർതാരം മഹേഷ് ബാബു അവതരിപ്പിക്കുന്നത്. ഇതിനുപുറമെ, ഒരു പ്രത്യേക സീക്വന്‍സില്‍ ശ്രീരാമനായും താരം സ്ക്രീനിലെത്തുന്നുണ്ട്. ഈ ചിത്രത്തിലൂടെ പ്രിയങ്ക ചോപ്ര ഇന്ത്യന്‍ സിനിമയിലേക്ക് തിരിച്ചുവരവ് നടത്തുന്നു എന്ന പ്രത്യേകതയുമുണ്ട്; ‘മന്ദാകിനി’ എന്ന നായികാ കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്. ഒപ്പം പ്രമുഖ താരം പൃഥ്വിരാജ് സുകുമാരന്‍ ‘കുംഭ’ എന്ന പ്രതിനായക വേഷത്തിലും ചിത്രത്തിലുണ്ട്. ഓസ്കര് ജേതാവ് എം.എം. കീരവാണി സംഗീതം ഒരുക്കുന്ന ചിത്രം 2027 ഏപ്രില്‍ 7-ന് ആഗോളതലത്തില്‍ തിയേറ്ററുകളിലെത്തും.
