‘ആർട്ടിക്കിൾ 370’ റദ്ദാക്കൽ; ഏഴ് വർഷം പിന്നിട്ട് നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് മോദി

ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ആർട്ടിക്കിൾ 370 റദ്ദാക്കലിന് ഏഴ് വർഷം പൂർത്തിയായ വേളയിൽ, പ്രദേശത്തിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2019 ഓഗസ്റ്റ് 5 ചരിത്രപരമായ നാഴികക്കല്ലാണെന്നും, ഇത് ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും വളർച്ചയ്ക്ക് പുതിയ അധ്യായം കുറിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
അടിസ്ഥാന സൗകര്യ വികസനത്തിന് പുറമെ വിദ്യാഭ്യാസം, ആരോഗ്യം, സംരംഭകത്വം, കായികം തുടങ്ങിയ വിവിധ മേഖലകളിൽ വലിയ തോതിലുള്ള മുന്നേറ്റങ്ങൾ ഉണ്ടായതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വർഷങ്ങളായി ഭരണഘടനാ അവകാശങ്ങൾ നിഷേധിക്കപ്പെട്ടിരുന്ന പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കും സ്ത്രീകൾക്കും പുതിയ ശാക്തീകരണവും തുല്യാവകാശങ്ങളും ഉറപ്പാക്കാൻ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇരു പ്രദേശങ്ങളുടെയും സമഗ്ര പുരോഗതിക്കായി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന സമഗ്ര പദ്ധതികൾ തുടരുമെന്നും പ്രധാനമന്ത്രി ആവർത്തിച്ചു വ്യക്തമാക്കി.
രാഷ്ട്രീയ സ്വയംസേവക സംഘം നേതാവും ഭാരതീയ ജനസംഘം സ്ഥാപകനുമായ ശ്യാമപ്രസാദ് മുഖർജിയുടെ 125-ാം ജന്മവാർഷികം ആഘോഷിക്കുന്ന ഈ വർഷത്തെ പ്രത്യേകതയും അദ്ദേഹം എടുത്തുപറഞ്ഞു. ദേശീയ ഐക്യത്തിനായി ഡോ. മുഖർജി മുന്നോട്ടുവെച്ച ആശയങ്ങളുടെയും സ്വപ്നങ്ങളുടെയും യഥാർത്ഥ സാക്ഷാത്കാരമാണ് 2019 ഓഗസ്റ്റ് 5-ലെ ചരിത്രതീരുമാനമെന്നും മോദി കൂട്ടിച്ചേർത്തു.
