ങേ, ഇതുകൊണ്ടെങ്ങനെ വാതിൽ തുറക്കും? താക്കോലെവിടെ? ആകപ്പാടെ അമ്പരന്ന് മുത്തശ്ശി, ക്യൂട്ട് എന്ന് നെറ്റിസണ്സ്

കോഴിക്കോട്: നമ്മെ പല പുതിയ കാര്യങ്ങളും പഠിപ്പിച്ചതും കൈപിടിച്ചു നടത്തിയതും നമ്മുടെ മുത്തശ്ശനും മുത്തശ്ശിയുമായിരിക്കും. എന്നാൽ, കാലം മാറുമ്പോൾ ആ വേഷങ്ങൾ മാറുകയാണ്. പുതിയ കാലത്തിന്റെ സാങ്കേതികവിദ്യകളും മാറ്റങ്ങളും മുതിർന്നവരെ പഠിപ്പിക്കേണ്ട ചുമതല ഇന്നത്തെ തലമുറ ഏറ്റെടുത്തിരിക്കുന്നു. അത്തരത്തിലുള്ള ഒരു മനോഹര വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ആദ്യമായി ഹോട്ടൽ റൂം ആക്സസ് കാർഡ് ഉപയോഗിക്കാൻ ശ്രമിക്കുന്ന മുത്തശ്ശിയുടെയും കൊച്ചുമകളുടെയും സ്നേഹനിർഭരമായ നിമിഷങ്ങളാണ് വീഡിയോയിലുള്ളത്.
@dadikikahaniyann എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ, കൊച്ചുമകൾ മുത്തശ്ശിക്ക് ഒരു ഹോട്ടൽ റൂം ആക്സസ് കാർഡ് നൽകി ‘കമ്ര ഖോലോ’ (മുറി തുറക്കൂ) എന്ന് ആവശ്യപ്പെടുന്നത് കാണാം.
‘കിസ്സെ ഖോലുൻ?’ (എന്തുകൊണ്ട് തുറക്കണം?) എന്നാണ് സംശയത്തോടെ മുത്തശ്ശി തിരിച്ചുചോദിക്കുന്നത്. തുടർന്ന് ‘ചാബി സേ’ (താക്കോൽ കൊണ്ട്) എന്ന് കൊച്ചുമകൾ മറുപടി നൽകുമ്പോൾ, ‘കഹാൻ ഹൈ ചാബി?’ (താക്കോൽ എവിടെയാണ്?) എന്ന് മുത്തശ്ശി അമ്പരപ്പോടെ ചോദിക്കുന്നു. ഒടുവിൽ, ‘യേഹി ദി തോ’ (ഞാൻ ഇത് തന്നില്ലേ) എന്ന് പറഞ്ഞ് കൊച്ചുമകൾ ആക്സസ് കാർഡിന് നേരെ വിരൽ ചൂണ്ടുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.
മുത്തശ്ശിയുടെ നിഷ്കളങ്കമായ സംശയങ്ങളും കൊച്ചുമകളുടെ അനന്തമായ ക്ഷമയും ഇതിനോടകം തന്നെ ലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കിക്കഴിഞ്ഞു. നിരവധി പേരാണ് ഈ മനോഹര ദൃശ്യങ്ങൾക്ക് താഴെ സ്നേഹമറിയിച്ച് കമന്റുകളുമായി എത്തിയിരിക്കുന്നത്.
