ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും വരെ ; കേരളത്തിന് ഓണാംശകള്‍ നേര്‍ന്ന് പ്രമുഖ നേതാക്കള്‍

തിരുവനന്തപുരം: സമത്വത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ തിരുവോണം ആഘോഷിക്കുന്ന മലയാളി സമൂഹത്തിന് ആശംസകളുമായി ദേശീയ-സംസ്ഥാന നേതാക്കൾ. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയ പ്രമുഖർ സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ ആശംസ പങ്കുവെച്ചു.
ഇന്ത്യയിലും വിദേശത്തുമുള്ള മുഴുവൻ മലയാളികൾക്കും ആശംസ നേർന്ന രാഷ്ട്രപതി, സമ്പന്നമായ സംസ്കാരത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമാണ് ഓണമെന്ന് ഓർമ്മിപ്പിച്ചു. കേരളത്തിന്റെ പാരമ്പര്യ കലകളും വള്ളംകളിയും സഹവർത്തിത്വത്തിന്റെ സന്ദേശമാണ് നൽകുന്നത്. ആഘോഷങ്ങൾ രാജ്യത്ത് സന്തോഷവും സമാധാനവും സമൃദ്ധിയും ഉറപ്പുവരുത്താൻ വഴിയൊരുക്കട്ടെയെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
മലയാളത്തിലും ഇംഗ്ലീഷിലുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നത്. ലോകമെമ്പാടുമുള്ള മലയാളികൾ വലിയ ആവേശത്തോടെ ആഘോഷിക്കുന്ന ഉത്സവമാണിത്. ഈ ഓണാഘോഷം ജനങ്ങൾക്കിടയിലെ ഒത്തൊരുമയും സന്തോഷവും വർധിപ്പിക്കാൻ ഇടയാക്കട്ടെയെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
നാട് നേരിട്ട ദുരന്തങ്ങളുടെ പ്രയാസങ്ങൾക്കിടയിലും അതിജീവനത്തിനുള്ള കരുത്ത് നൽകുന്നതാണ് ഓരോ ആഘോഷങ്ങളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓർമ്മിപ്പിച്ചു. എല്ലാവർക്കും വിലക്കയറ്റമില്ലാതെ ഓണം ആഘോഷിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും മാനവികതയും കൂടുതൽ ശക്തിപ്പെടുത്താൻ ഈ ഓണം കരുത്തുപകരട്ടെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആശംസിച്ചു. പ്രതിസന്ധികളെ അതിജീവിച്ച് സന്തോഷത്തോടെ മുന്നേറാൻ ഏവർക്കും സാധിക്കട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
