ആരോഗ്യ മേഖലയിൽ ‘മിഡ്വൈഫറി’ പുതിയ ഔദ്യോഗിക തസ്തികയായി അംഗീകരിച്ച് കുവൈത്ത്

കുവൈത്തിലെ ആരോഗ്യ മേഖലയിൽ ‘മിഡ്വൈഫറി’ (Midwifery) പുതിയ ഔദ്യോഗിക തസ്തികയായി അംഗീകരിച്ച് ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കി. മാതൃ-ശിശു ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി ഉത്തരവ് പുറപ്പെടുവിച്ചത്. ആരോഗ്യ സേവനങ്ങളുടെ വികസനത്തിനനുസരിച്ച് അനുബന്ധ തസ്തികകൾ ഉൾപ്പെടുത്താൻ അനുമതി നൽകുന്ന 2020-ലെ 70-ാം നമ്പർ നിയമത്തിലെ മൂന്നാം ആർട്ടിക്കിൾ പ്രകാരമാണ് ഈ നടപടി.
ഗർഭിണികൾക്കും നവജാതശിശുക്കൾക്കും കൂടുതൽ സുരക്ഷിതവും മികച്ചതുമായ പരിചരണം ഉറപ്പാക്കാനും മേഖലയിലെ വിദഗ്ധർക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകാനും പുതിയ തീരുമാനം വഴിയൊരുക്കും.
സബാഹ് മെഡിക്കൽ ഏരിയയിൽ നിർമാണം പൂർത്തിയായ പുതിയ മെറ്റേണിറ്റി ആശുപത്രിയുടെ ഉദ്ഘാടനത്തിന് മുന്നോടിയായാണ് നടപടി. ഒപ്പം അൽ-അദാൻ, അൽ-ഫർവാനിയ, അൽ-ജഹ്റ എന്നീ ആശുപത്രികളിലെ മാതൃ-ശിശു പരിചരണ വിഭാഗങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗം കൂടിയാണ് തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി.
