ആണവോർജ്ജ മേഖലയിൽ ചരിത്രപരമായ സഹകരണത്തിന് സൗദിയും അമേരിക്കയും; സുപ്രധാന കരാറിൽ ഒപ്പുവെച്ചു

റിയാദ്: ആണവോർജ്ജ മേഖലയിൽ ചരിത്രപരമായ സഹകരണത്തിനൊരുങ്ങി സൗദി അറേബ്യയും അമേരിക്കയും. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ സിവിൽ ആണവ സഹകരണ കരാറിൽ ഒപ്പുവെച്ചു. സൗദി ഊർജ്ജ-വ്യവസായ-ഖനന വിഭവ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനും യു.എസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റും തമ്മിലാണ് റിയാദിൽ വെച്ച് നിർണായക കരാറിൽ ഒപ്പുവെച്ചത്.
കഴിഞ്ഞ വർഷം നവംബറിൽ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നടത്തിയ യു.എസ് സന്ദർശനത്തിൽ ഇരുരാജ്യങ്ങളും തുടക്കമിട്ട ഉഭയകക്ഷി ചർച്ചകളുടെ പ്രതിഫലനമാണ് ഈ ധാരണ. 30 വർഷത്തെ ദീർഘകാല സഹകരണമാണ് കരാർ ലക്ഷ്യമിടുന്നത്.
സമാധാനപരമായ ആവശ്യങ്ങൾക്കായുള്ള ആണവോർജ്ജ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇരുരാജ്യങ്ങളും തമ്മിൽ സാങ്കേതികവിദ്യകളും വിജ്ഞാനവും കൈമാറാനും കരാർ വ്യവസ്ഥ ചെയ്യുന്നു. അന്താരാഷ്ട്ര ആണവ സുരക്ഷാ മാനദണ്ഡങ്ങളും ആണവായുധ വ്യാപന വിരുദ്ധ (NPT) നിബന്ധനകളും പൂർണ്ണമായും പാലിച്ചായിരിക്കും പദ്ധതികൾ നടപ്പിലാക്കുകയെന്ന് സൗദി ഊർജ്ജ മന്ത്രാലയം വ്യക്തമാക്കി.
ഇരുരാജ്യങ്ങളും സംയുക്തമായി നടത്തുന്ന പഠനങ്ങൾ പൂർത്തിയാകുന്നതോടെ സൗദി അറേബ്യയിൽ യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റ് നിർമ്മിക്കാൻ അമേരിക്കൻ കമ്പനികൾക്ക് അനുമതി ലഭിക്കും. ഊർജ്ജ സ്രോതസ്സുകളിൽ വൈവിധ്യവൽക്കരണം കൊണ്ടുവരാനും മേഖലയിൽ പുതിയ നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കാനും ഈ കരാർ വഴിതുറക്കും. സൗദിയും യു.എസും തമ്മിലുള്ള ദീർഘകാല തന്ത്രപ്രധാന ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്നതാണ് പുതിയ ചുവടുവെപ്പെന്ന് വാർത്താക്കുറിപ്പിൽ പറയുന്നു.
