ആക്രമണനീക്കം ഉപേക്ഷിച്ചെന്ന് ട്രംപ്, ഇറാനുമായി വീണ്ടും ചര്ച്ച

വാഷിങ്ടൺ: ഇസ്രയേലുമായി ചേർന്ന് ഇറാനുമേൽ നടത്താനിരുന്ന പുതിയ ആക്രമണ പദ്ധതി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉപേക്ഷിച്ചു. അഞ്ച് മാസം നീണ്ട സംഘർഷത്തിന് വിരാമമിട്ടുകൊണ്ടുള്ള പുതിയ വെടിനിർത്തൽ കരാറിന് വഴിതെളിഞ്ഞ പശ്ചാത്തലത്തിലാണ് ഈ നിർണായക തീരുമാനം.
ഹോർമുസ് കടലിടുക്ക് പൂർണമായി തുറക്കുക, ഇറാന്റെ ആണവ ഭീഷണി അവസാനിപ്പിക്കുക തുടങ്ങിയ വ്യവസ്ഥകൾ പുതിയ കരാറിലുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. ലോകത്തിന്റെ നന്മയും സമൃദ്ധവുമായ ഇറാന്റെ അതിജീവനവും കണക്കിലെടുത്താണ് ആക്രമണനീക്കം റദ്ദാക്കിയതെന്ന് അദ്ദേഹം തന്റെ സാമൂഹിക മാധ്യമമായ ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിന് ഇസ്രയേൽ സമ്മതിച്ചതായും ട്രംപ് അവകാശപ്പെട്ടു.
സൗദി ഇടപെടൽ നിർണായകമായി
ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നിൽ സൗദി അറേബ്യയുടെ ശക്തമായ നയതന്ത്ര ഇടപെടലുകളുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പശ്ചിമേഷ്യാ സംഘർഷത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ കഴിഞ്ഞദിവസം ട്രംപുമായി ഫോണിൽ ആശയവിനിമയം നടത്തിയിരുന്നു.
തുടർ ആക്രമണങ്ങൾ ഗൾഫിലെ എണ്ണപ്പാടങ്ങളെയും ഇന്ധനവിതരണ സംവിധാനങ്ങളെയും താറുമാറാക്കുമെന്നും, നയതന്ത്ര മാർഗങ്ങളിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നും സൗദി കിരീടാവകാശി ട്രംപിനെ ബോധ്യപ്പെടുത്തി. ഈ അഭ്യർത്ഥന മാനിച്ചാണ് മുൻതീരുമാനത്തിൽ നിന്ന് യു.എസ് പിന്മാറിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ വിലയിരുത്തൽ.
ആശങ്കയൊഴിയാതെ പശ്ചിമേഷ്യ
അതിനിടെ, അമേരിക്കയുടെയും ഇസ്രയേലിന്റെയും ഏതു തരത്തിലുള്ള പ്രകോപനത്തിനും അതേ നാണയത്തിൽ തിരിച്ചടി നൽകുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി. ഫെബ്രുവരി 28ന് യു.എസും ഇസ്രയേലും ഇറാനുമേൽ നടത്തിയ സംയുക്ത ആക്രമണത്തോടെയാണ് മേഖലയിൽ യുദ്ധം ആരംഭിച്ചത്. ഇതിനിടെ രണ്ടുതവണ ചർച്ചകൾ നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. ട്രംപിന്റെ പുതിയ പ്രഖ്യാപനത്തോട് ഇറാൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
