അസമിലെ വെള്ളപ്പൊക്കം: ദുരിതാശ്വാസ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ ആരാധകരോട് അഭ്യർത്ഥിച്ച് ആലിയ ഭട്ട്

മുംബൈ: കനത്ത വെള്ളപ്പൊക്കത്തിൽ ദുരിതത്തിലായ അസമിന് പിന്തുണയുമായി ബോളിവുഡ് താരം ആലിയ ഭട്ട്. അസമിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച നടി, ദുരന്തബാധിതരെ സഹായിക്കാനായി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ആരാധകരോടും പൊതുജനങ്ങളോടും അഭ്യർത്ഥിച്ചു. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
വർഷാവർഷം പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുന്നുണ്ടെങ്കിലും കെടുതികളുടെ വ്യാപ്തി നമ്മെ ഇപ്പോഴും അമ്പരപ്പിക്കുന്നുണ്ടെന്ന് ആലിയ കുറിച്ചു. നിരവധിയാളുകളുടെ ജീവൻ പൊലിയുന്നതിനും ആയിരക്കണക്കിന് കുടുംബങ്ങൾ ആവാസവ്യവസ്ഥയിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെടുന്നതിനും വെള്ളപ്പൊക്കം കാരണമാകുന്നു. അടിയന്തര സഹായങ്ങൾക്കൊപ്പം ദീർഘകാലാടിസ്ഥാനത്തിലുള്ള പുനരധിവാസ പദ്ധതികളും അസമിലെ ജനങ്ങൾക്ക് ആവശ്യമാണെന്ന് താരം ചൂണ്ടിക്കാട്ടി.
“രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കം കതി നാശം വിതയ്ക്കുകയാണ്. ഇതിൽ ഏറ്റവും ദാരുണമായ അവസ്ഥയിലൂടെ കടന്നുപോകുന്നത് അസമാണ്. വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യമാണിത്. 60-ലധികം ജീവനുകൾ ഇതിനകം നഷ്ടപ്പെട്ടു. ലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. വീടും ഭൂമിയും ജീവനോപാധികളും നഷ്ടപ്പെട്ടവർക്ക് പുറമെ പ്രിയപ്പെട്ടവരെ എന്നെന്നേക്കുമായി വേർപിരിയേണ്ടി വന്നവരുമുണ്ട്…”
— ആലിയ ഭട്ട്
