അമരാവതി ജില്ലാ ആശുപത്രിയിൽ തീപിടിത്തം; വെന്റിലേറ്റർ പൊട്ടിത്തെറിച്ച് 3 നവജാതശിശുക്കൾ മരിച്ചു, 6 കുഞ്ഞുങ്ങൾ ഗുരുതരാവസ്ഥയിൽ

അമരാവതി: മഹാരാഷ്ട്രയിലെ അമരാവതി ജില്ലാ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് നവജാതശിശുക്കൾ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ 3:30 ഓടെ ആശുപത്രിയുടെ മൂന്നാം നിലയിലുള്ള സ്പെഷ്യൽ ന്യൂബോൺ കെയർ യൂണിറ്റിലാണ് (SNCU) അപകടമുണ്ടായത്. വെന്റിലേറ്റർ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമായത്.
അപകടസമയത്ത് 39 കുഞ്ഞുങ്ങളാണ് വാർഡിൽ ഉണ്ടായിരുന്നത്. പുകയും തീയും പടർന്നതോടെ ജീവനക്കാരും ഡോക്ടർമാരും ചേർന്നാണ് മറ്റു കുട്ടികളെ പുറത്തെത്തിച്ചത്. പൊള്ളലേറ്റും പുക ശ്വസിച്ചുമാണ് മൂന്ന് കുഞ്ഞുങ്ങൾ മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ആറ് നവജാതശിശുക്കളെ സമീപത്തുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. തീപിടിത്തത്തിൽ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
