അപ്പയുടെ വിജയം ചരിത്രപരമായ വിപ്ലവം, അത് ഞങ്ങൾക്ക് വലിയ ഉത്തരവാദിത്തം; ഞങ്ങൾ രണ്ടാളും ഒരേ വേവ് ലെങ്ങ്ത്ത്; തുറന്നുപറഞ്ഞ് ജേസൺ സഞ്ജയ്

തമിഴക രാഷ്ട്രീയത്തിലെയും സിനിമാലോകത്തെയും അടുത്തിടെ ഏറ്റവും തരംഗമായ വാർത്തകളിൽ ഒന്നായിരുന്നു വിജയ്യുടെ രാഷ്ട്രീയ പ്രവേശനവും വിവാഹമോചന അഭ്യൂഹങ്ങളും. ഇതിനിടയിൽ വിജയ്യുമായി മക്കളായ ജേസൺ സഞ്ജയും ദിവ്യയും അകൽച്ചയിലാണെന്നും അമ്മ സംഗീതയ്ക്കൊപ്പമാണ് താമസമെന്നുമുള്ള പ്രചാരണങ്ങൾ തമിഴ് മാധ്യമങ്ങളിൽ സജീവമായിരുന്നു. എന്നാൽ, ഇത്തരം ഊഹാപോഹങ്ങൾക്കെല്ലാം വിരാമമിട്ടിരിക്കുകയാണ് മകൻ ജേസൺ സഞ്ജയ്.
പിതാവ് വിജയ്യുമായുള്ള ആത്മബന്ധത്തെക്കുറിച്ചും അദ്ദേഹത്തിന്റെ രാഷ്ട്രീയ വിജയത്തെക്കുറിച്ചും മനസ്സുതുറക്കുകയാണ് ജേസൺ. പിതാവിന്റെ രാഷ്ട്രീയ വിജയം ചരിത്രപരമായ വിപ്ലവമാണെന്നും, അത് തങ്ങൾക്കും കുടുംബത്തിനും വലിയൊരു ഉത്തരവാദിത്തവും ലെഗസിയുമാണ് നൽകുന്നതെന്നും സഞ്ജയ് വ്യക്തമാക്കി.
സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ‘സിഗ്മ’ എന്ന ചിത്രത്തിന്റെ പ്രചാരണാർഥം നൽകിയ അഭിമുഖത്തിലാണ് ജേസൺ സഞ്ജയ് ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
ജേസൺ സഞ്ജയ് പറഞ്ഞതിൽ നിന്ന്:
- സിനിമയോടുള്ള താല്പര്യം:“ചെറുപ്പം മുതലേ സിനിമാ സെറ്റുകളിൽ പോകാൻ സാധിച്ചത് വലിയൊരു ഭാഗ്യമായിരുന്നു. മറ്റുള്ളവർ സിനിമയെ വെറുമൊരു വിനോദമായി കണ്ടപ്പോൾ, എനിക്കത് ജീവിതത്തിന്റെ ഭാഗവും ഒരു ഹോബിയുമായി മാറി.”
- വലിയ ഉത്തരവാദിത്തം:“ഇപ്പോൾ സംഭവിച്ചിരിക്കുന്നത് ചരിത്രപരമായൊരു വിപ്ലവമാണ്. ഇത് എനിക്കും അനിയത്തിക്കും കുടുംബത്തിനും വലിയൊരു ഉത്തരവാദിത്തവും ലെഗസിയുമാണ് തന്നിരിക്കുന്നത്. അത് കാത്തുസൂക്ഷിക്കേണ്ടത് ഞങ്ങളുടെ കടമയായതിനാൽ കൂടുതൽ ജാഗ്രതയോടെ പെരുമാറേണ്ട സാഹചര്യമാണുള്ളത്.”
- പിതാവിന്റെ ഉപദേശം:“സ്വന്തമായി ഒരു മേൽവിലാസം ഉണ്ടാക്കിയെടുക്കണമെന്നാണ് അച്ഛൻ നൽകിയ പ്രധാന ഉപദേശം. ഞങ്ങൾ രണ്ടുപേരും ഒരേ ചിന്താഗതിക്കാരായതിനാൽ (Same Wavelength) പരസ്പരം മനസ്സിലാക്കാൻ എളുപ്പമാണ്. ‘എന്ത് സഹായം വേണമെങ്കിലും വന്ന് ചോദിക്കാം, പക്ഷേ നീയായിട്ട് വന്ന് ചോദിക്കണം, ഞാൻ സ്വയം വന്ന് ചെയ്തു തരില്ല’ എന്നാണ് അദ്ദേഹം പറഞ്ഞത്. കാര്യങ്ങൾ അനുഭവിച്ചുതന്നെ പഠിക്കണമെന്ന അച്ഛന്റെയും അമ്മയുടെയും കുടുംബത്തിന്റെയും നിലപാടിനോട് ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു.”
