അനുവാദമില്ലാതെ അയാളെന്റെ ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചു; കാസ്റ്റിങ് കൗച്ച് അനുഭവം തുറന്നു പറഞ്ഞ് വിജയ് വര്‍മ

കൊച്ചി: കരിയറിന്റെ തുടക്കത്തിൽ തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം തുറന്നുപറഞ്ഞ് ബോളിവുഡ് നടൻ വിജയ് വർമ്മ. കാസ്റ്റിങ് കൗച്ച് സിനിമാമേഖലയിൽ സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും നേരിടേണ്ടി വരുന്നുണ്ടെന്ന് നടൻ വ്യക്തമാക്കുന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിജയ് തന്റെ കടുത്ത അനുഭവങ്ങൾ പങ്കുവെച്ചത്.
ഹൈദരാബാദിൽ ചെറിയ തോതിൽ മോഡലിങ് ചെയ്തുവന്നിരുന്ന സമയത്താണ് വിചിത്ര സ്വഭാവക്കാരനായ ഒരു മോഡൽ കോർഡിനേറ്ററെ താൻ പരിചയപ്പെടുന്നതെന്ന് വിജയ് ഓർക്കുന്നു.
“അയാൾ എന്നോട് മോശമായി പെരുമാറാൻ തുടങ്ങി. അനുവാദമില്ലാതെ ശരീരത്തിൽ സ്പർശിച്ചു. ഞാൻ ഉടൻ തന്നെ ചോദിച്ചു, ‘ബ്രോ, ഇത് എന്താണ്? നിങ്ങൾ എന്താണ് ചെയ്യുന്നത്?’ എന്ന്. അപ്പോൾ തന്നെ ഞാൻ അയാളെ നിരുത്സാഹപ്പെടുത്തി,” വിജയ് പറയുന്നു.
തുടക്കക്കാരനായതുകൊണ്ടുമാത്രം ആ സംഭവം തന്നെ ഏറെ നിരാശനാക്കിയെങ്കിലും, അതിനെ ശക്തമായി നേരിടാൻ തന്നെ താൻ തീരുമാനിക്കുകയായിരുന്നുവെന്ന് നടൻ വ്യക്തമാക്കി. അഭിനയമാണ് തനിക്ക് വേണ്ടതെങ്കിൽ അതുകൊണ്ടുമാത്രം താൻ പിന്മാറില്ലെന്ന് ഉറപ്പിച്ച അദ്ദേഹം, ആ സംഭവത്തിനു പിന്നാലെ മോഡലിങ് പൂർണ്ണമായി ഉപേക്ഷിക്കുകയും അഭിനയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.
എന്നാൽ അഭിനയത്തിലേക്കുള്ള വഴികളും എളുപ്പമായിരുന്നില്ല. ഹൈദരാബാദിലെ ‘സൂത്രധാർ സ്കൂൾ ഓഫ് ആക്ടിങ്ങി’ൽ പ്രവേശനത്തിനായി സമീപിച്ചെങ്കിലും അവർ അപേക്ഷ നിരസിച്ചു. തുടർന്ന് പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ (FTII) അപേക്ഷിച്ചെങ്കിലും ആദ്യ അവസരത്തിൽ പ്രവേശനം ലഭിച്ചില്ല. എന്നാൽ തോറ്റുകൊടുക്കാൻ തയ്യാറാകാതെ രണ്ടാം ശ്രമത്തിൽ അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം നേടി. അവിടെ രാജ്കുമാർ റാവു, ജയ്ദീപ് അഹ്ലാവത് തുടങ്ങിയ പ്രമുഖ അഭിനേതാക്കൾക്കൊപ്പം അഭിനയം പരിശീലിക്കാൻ സാധിച്ചുവെന്നും വിജയ് വർമ്മ കൂട്ടിച്ചേർത്തു.
