സ്വർണവിലയിൽ കുതിച്ചുചാട്ടം; പവന് 1,280 രൂപ വർധിച്ച് 1,06,880 രൂപയിൽ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധന. വിപണിയിൽ ഇന്ന് പവന് 1,280 രൂപ ഉയർന്ന് 1,06,880 രൂപയിലെത്തി. ഗ്രാമിന് 160 രൂപ കൂടി 13,360 രൂപയാണ് ഇന്നത്തെ വ്യാപാര നിരക്ക്.
അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് വിലക്കയറ്റത്തിന് ആക്കം കൂട്ടുന്നത്. ഇന്ത്യയുടെ ഊർജ ഇറക്കുമതിയെ സ്വാധീനിക്കുന്ന ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 80 ഡോളറിന് താഴെ തുടരുന്നതും, യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കിൽ മാറ്റം വരുത്താത്തതും മഞ്ഞലോഹത്തിന്റെ വിലയെ പ്രകടമായി സ്വാധീനിച്ചിട്ടുണ്ട്. കൂടാതെ, അമേരിക്ക-ഇറാൻ സംഘർഷാവസ്ഥയിലുണ്ടായ അയവ് ആഗോള വിപണിയിൽ എണ്ണവില കുറയാനും വഴിയൊരുക്കി.
ആഗോളതലത്തിലെ പുതിയ സാമ്പത്തിക സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ, വരും ദിവസങ്ങളിലും സ്വർണവിലയിൽ ചാഞ്ചാട്ടം തുടരാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധർ വിലയിരുത്തുന്നു. സംസ്ഥാന ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന സ്വർണവില രേഖപ്പെടുത്തിയത് ജനുവരി 29-നാണ്; അന്ന് പവന് 1,31,160 രൂപയായിരുന്നു നിരക്ക്. അതേസമയം, കഴിഞ്ഞ വർഷം ഡിസംബർ 23-നാണ് സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിൽ ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.
